ദിലീപ് ആലുവ സബ് ജയിലിൽ; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്, ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപ് ആലുവ സബ് ജയിലിൽ; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്, ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞു

കൊച്ചി: കൊച്ചി നഗരത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട നടൻ ദിലീപിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ്ചെയ്തു. ആലുവാ സബ് ജയിലിലേക്ക് മാറ്റും. ദിലീപിനെ മജിസ്‌ട്രേറ്റ് ലീന റിയാസിന്റെ അങ്കമാലിയിലെ വസതിയില്‍ എത്തിച്ചാണ് പോലീസ് റിമാൻഡ് വാങ്ങിയത്. ഇന്നലെ പോലീസ് കസ്റ്റഡിയിൽ ആയ ദിലീപ് ഇന്നലെ രാത്രിമുതല്‍ ഇന്നുരാവിലെ വരെയുള്ള സമയം ഉറക്കമിളച്ചാണ് ഇരുന്നത്. ഉറങ്ങാൻ പറഞ്ഞിട്ടും വേണ്ട എന്ന് തീരുമാനം എടുത്ത ദിലീപ് കസേരയിൽ ഇരുന്ന് നേരം വെളുപ്പിക്കുകയായിരുന്നു. പാതിയുറക്കത്തിലും ചോദ്യം ചെയ്യൽ തുടർന്ന പോലീസ്, ദിലീപ് പറയുന്ന കാര്യങ്ങളിൽ വൈരുദ്ധ്യംഉണ്ടോ എന്ന് പരിശോധിച്ചു. ചോദ്യം ചെയ്യലിനിടെ താരം പൊട്ടിക്കരഞ്ഞു. മെഡിക്കല്‍ സംഘവും താരത്തെ പരിശോധിക്കാന്‍ ആലുവയില്‍ എത്തിയിരുന്നു. പ്രതിയുടെ വൈദ്യപരിശോധന ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

രാത്രി വൈകിയും ആലുവ പൊലീസ് ക്ലബ്ബിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വലിയ സംഘമിവിടെ ഉണ്ടായിരുന്നു. ഇതോടെ രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായുള്ള ബന്ധമാണ് ദിലീപിന് വിനയായത്. അറസ്റ്റിലായ പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെ കഥയാകെ മാറി.

തനിക്ക് നടിയോട് വൈരാഗ്യമുണ്ടായിരുന്നതായി പൊലീസിനോട് ദിലീപ് സമ്മതിച്ചതായാണ് വിവരം. കുടുംബജീവിതത്തില്‍ നടി നടത്തിയ ഇടപെടലാണ് അവരോടുള്ള പകയ്ക്ക് കാരണമെന്നും ദിലീപ് പറഞ്ഞതായിട്ടാണ് അറിയുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്‌റ്റെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ അറസ്റ്റ് ഈ കേസിന്റെ അവസാനമല്ല, തുടരന്വേഷണത്തിനായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് അറസ്‌റ്റെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. തുടർ അന്വേഷണങ്ങൾ കാവ്യയെയും, കാവ്യയുടെ വസ്ത്ര വ്യവസായ സ്ഥാപനമായ ‘ലക്ഷ്യ’യെയും കേന്ദ്രീകരിച്ചാകും മുന്നോട്ട് പോകുക എന്നാണ് പോലീസ് നൽകുന്ന വിവരം.

0Shares