ചെന്നൈ: തൂത്തുക്കുടിയില്‍ ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനുനേരെയുള്ള പൊലീസ് വെടിവെപ്പ് ആസൂത്രിതം. സംഭവത്തെ തുടര്‍ന്ന് തൂത്തുകുടിയില്‍ ഇന്ന് ഹര്‍ത്താലാചരിക്കുകയാണ്. അതേസമയം, സ്റ്റര്‍ലൈറ്റ് പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി ഉയര്‍ന്നു. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയടക്കം മരിച്ചവരില്‍ ഉള്‍പെടുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങളെ സാധൂരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 11 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണിവ. ആദ്യം ആകാശത്തേക്ക് വെടിവെക്കാത്തതും സംശയങ്ങള്‍ ശക്തമാക്കുന്നു. വെടിയുതിര്‍ക്കുമെന്ന മുന്നറിയിപ്പോ, ആകാശത്തേക്ക് വെടിയുതിര്‍ക്കുകയോ ഒന്നും ചെയ്യാതെയുള്ള വെടിവെപ്പ് സംശയകരമാണ്. വാഹനത്തിനു മുകളിലിരുന്ന് ഉന്നം പിടിച്ചശേഷമാണ് സമരക്കാര്‍ക്കുനേരെ പൊലീസ് നിറയൊഴിക്കുന്നത്. അക്രമാസക്തമായി നില്‍ക്കുന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുയായിരുന്നില്ല വെടിവയ്പ്പിന്റെ ലക്ഷ്യമെന്ന് വ്യക്തം. കമാന്‍ഡോയുടെ ശാരീരിക ചലനങ്ങളോടെ സാധാരണ വേഷത്തില്‍ ഒരാള്‍ പൊടുന്നനെ ബസ്സിനു മുകളിലേക്ക് കയറുന്നതും പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടര്‍മാരെ പോലെ ആളുകളെ ഉന്നം വെച്ച് വെടിവെക്കുന്നതും ദൃശ്യത്തില്‍ കാണാം. പിന്നീട് അദ്ദേഹത്തെ താഴെയിറക്കി തോക്ക് വാങ്ങുന്ന പോലിസിനെയും കാണാം.ജനക്കൂട്ടത്തിനിടയില്‍നിന്ന സമരനേതാവ് തമിഴരശന്‍ വെടിയേറ്റ് മരിച്ചതും പൊലീസിന്റെ ഉദ്ദേശശുദ്ധിയെ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ ശ്രമിക്കുമ്പോഴും ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.
https://www.youtube.com/watch?v=KI0h4jUXB5Q
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് ചെമ്പസംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ പ്രകടനത്തിനുനേരെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. രൂക്ഷമായ മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാലക്കെതിരേ നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു ഇന്നലെ. ഇതിന്റെ ഭാഗമായി കമ്പനിയിലേക്ക് മാര്‍ച്ചുനടത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ മാര്‍ച്ച് കളക്ടറേറ്റിലേക്ക് മാറ്റി. തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയവര്‍ കളക്ടറുടെ ഓഫീസിലേക്ക് ഇരച്ചുകയറി. കെട്ടിടങ്ങള്‍ക്കും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും തീവെച്ചു. ഇതേത്തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്. 11 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടതോടെ ഗത്യന്തരമില്ലാതെയാണ് പോലീസ് വെടിവെച്ചതെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടും. മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകാംഗകമ്മിഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.