തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത് മകന്‍ തന്നെ: പൈശാചിക കൊല നടത്തിയത് സാത്താന്‍ സേവയ്ക്ക്.

  • Post category:news
  • Reading time:2 mins read
You are currently viewing തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത് മകന്‍ തന്നെ: പൈശാചിക കൊല നടത്തിയത് സാത്താന്‍ സേവയ്ക്ക്.

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന കാണാതെ പോയ കേഡല്‍ ജീന്‍സണ്‍ രാജയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടോടെയാണ് തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മഫ്തിയിലായിരുന്ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍ഡ് കോംപൗണ്ടിലെ 17 ാം നമ്പര്‍ വീട്ടിലെ റിട്ട. പ്രഫ. രാജതങ്കം(60), ഭാര്യ ഡോ.ജീന്‍ പത്മ(58), മകള്‍ കരോലിന്‍(26), ജീനിന്റെ ബന്ധു ലളിത(70) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം രാജതങ്കം-ജീന്‍ പത്മ ദമ്പതികളുടെ മകനായ കേഡല്‍ ജീന്‍സണ്‍ രാജയെ കാണാനില്ലായിരുന്നു. ഒളിലില്‍ പോയ ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹംവെട്ടി നുറുക്കി കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. അതേ സമയം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയത് താനാണെന്നും സാത്താന്‍ സേവയ്ക്ക് വേണ്ടിയാണ് ഈ കൃത്യം ചെയ്തതെന്നും പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.

 

ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പ്പെടുത്തുന്ന പൈശാചിക ആരാധയ്ക്കാണ് താന്‍ ശ്രമിച്ചതെന്നാണ് കേഡല്‍ പോലീസിനെ അറിയിച്ചത്. ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വ്വഹിച്ചതെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. നാലുവര്‍ഷത്തോളമായി രക്ഷിതാക്കളറിയാതെ വീട്ടില്‍ സാത്തന്‍സേവ ചെയ്യുന്നുണ്ടെന്നും ഓണ്‍ലൈന്‍ വഴിയാണ് താന്‍ സാത്താന്‍ സേവയില്‍ അംഗമായതെന്നും കേഡല്‍ വെളിപ്പെടുത്തി. എന്നാല്‍ ഇയാളുടെ വാക്കുകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ പോലീസ് തയ്യാറായിട്ടില്ല. ഫ്‌ളിപ്പ് കാര്‍ട്ട് വഴി വാങ്ങിയ മഴു ഉപയോഗിച്ചായിരുന്നു കേഡല്‍ കൊലപാതകങ്ങള്‍ നടത്തിയത്. താന്‍ തയ്യാറാക്കിയ പുതിയ ഗെയിം കാണിക്കാനെന്ന വ്യാജേന തന്റെ മുറിയിലേക്ക് വിളിച്ച് വരുത്തിയാണ് നാലുപേരെയും മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കേഡല്‍ ഉപേക്ഷിച്ച് പോയ ലാപ്‌ടോപ്പില്‍ നിന്നും ഫോണില്‍ നിന്നും പ്രതിക്ക് സാത്താന്‍ സേവയുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ പോലീസിനെ അന്വേഷണത്തില്‍ നിന്നും വഴി തെറ്റിക്കാനാണോ പ്രതി സാത്താന്‍ സേവയുടെ കാര്യം പറയുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചെന്നൈയില്‍ മുറിയെടുത്ത് താമസിച്ച കേഡല്‍ ടി.വിയിലും പത്രങ്ങളിലും വാര്‍ത്ത വന്നതിനു ശേഷം തിരികെ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. യാതൊരു മടിയും കൂടാതെ കുറ്റ സമ്മതം നടത്തിയതും പ്രതിയുടെ കൂസലില്ലായ്മയും പോലീസിനെ വലയ്ക്കുന്നുണ്ട്.

ചോദ്യം ചെയ്യലിനിടയില്‍ മാനസിക വിഭ്രാന്തി കാണിക്കുന്നതിനാല്‍ തത്കാലം ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചിരിക്കുകാണ് പോലീസ്. എന്നാല്‍ ഇത് നാടകമാണെന്ന് സംശയമുണ്ട്. അതിനാല്‍ മനോരോഗ വിദഗ്ദന്റെ സഹായത്തോടെയായിരിക്കും ഇനി ചോദ്യം ചെയ്യല്‍. ശനിയാഴ്ച്ചരാത്രിയിലാണ് കേരളത്തെ ഞെട്ടിച്ച ക്രൂര കൊലപാതകം ലോകമറിയുന്നത്. മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്. സാഹചര്യ- ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തങ്കരാജിനെയും മറ്റുള്ളവരെയും കൊലപ്പെടുത്തിയത് മകനാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും അന്യസംസ്ഥാനങ്ങളിലും കേഡലിനെതിരെ ലുക്കൗട്ട് നോട്ടീസ് പോലീസ് പുറത്തിറക്കിയിരുന്നു. പിടിയിലായി മണിക്കൂറുകള്‍ക്കകം യാതൊരു വിധ ചോദ്യം ചെയ്യലുമില്ലാതെ തന്നെ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും എല്ലാ കൊലകളും ഒരേ ദിവസം തന്നെയാണ് നടത്തിയതെന്നും കേഡല്‍ മൊഴി നല്‍കിയെന്ന് ഡി.സി.പി അരുള്‍ ബി. കൃഷ്ണ അറിയിച്ചു.

0Shares