
കണ്ണൂർ: തലശേരി അതിരൂപതക്കെതിരായ വാർത്ത ചെയ്തതിന്റെ പേരിൽ മലയാളത്തിൻലെ പ്രമുഖ ഓൺലൈൻ പത്രമായ ‘നാരദ’യുടെ റിപ്പോർട്ടറെ പോലീസ് കേസിൽ കുടുക്കാൻ രൂപതയുടെ ശ്രമം. നാരദ റിപ്പോർട്ടർ ലിയോനാൾഡ് ഡെയ്സി മാത്യുവാണ് സത്യം തുറന്നു പറഞ്ഞുവാർത്ത ചെയ്തതിന്റെ പേരിൽ ഈ അവസ്ഥയിലുള്ളത്. ബീഫ് നിരോധനത്തെ അനുകൂലിച്ചു പരിവാർ സംഘടനകളുടെ കൂടെ തലശ്ശേരി വികാരി ജനറൽ ജോർജ്ജ് എളൂക്കുന്നേൽ പങ്കെടുത്ത വിവരവും അന്യമതസ്ഥരുമായി കത്തോലിക്കാ യുവതികൾ വിഹാഹം കഴിക്കരുതെന്ന സർക്കുലർ പുറപ്പെടുവിച്ചതുമാണ് ലിയോ റിപ്പോർട്ട് ചെയ്തിരുന്നത്.
എല്ലാത്തിനും പുറമെ, ബീഫ് രാഷ്ട്രീയം കത്തി നിൽക്കുമ്പോൾ സഭാ നേതൃത്വവുമായി അമിത്ഷാ കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ സംഘപരിവാറിന് പിന്തുണ പ്രഖ്യാപിച്ച് തലശ്ശേരി അതിരൂപത രംഗത്തുവന്നതും വാർത്തയാക്കപ്പെട്ടു. വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ, ഇന്നലെ അതികാലത്തു തന്നെ ഇരിട്ടി പോലീസ് ലിയോയുടെ വീട്ടിലെത്തി വിരട്ടി. ഒരു ജീപ്പ് നിറയെ കാക്കിപ്പട ഉണ്ടായിരുന്നു എന്ന് നാരദയുടെ എഡിറ്റര്‍ ഇന്‍ ചീഫ് മാത്യു സാമുവല്‍ എഴുതുന്നു.
മാത്യു സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
തലശ്ശേരി രൂപത മെത്രാന് ഇനിയിപ്പോൾ ഒരേ ഒരു ആഗ്രഹമാണ് ബാക്കി. നാരദ റിപ്പോർട്ടർ ലിയോണാൾഡ് ഡെയ്സി മാത്യുവിനെ ലോക്കപ്പിലാക്കണം. എഫ്ർ. ഐ. ആര്‍ തയ്യാറാക്കി പോലിസ് ദ്രുതവേഗം ടിയാനെ അകത്തിടണം. അതിനു മാത്രം സമ്മർദ്ദം ചെലുത്തുന്നുണ്ട് ഇദ്ദേഹം. ഇത് മൊഴിഞ്ഞതു മറ്റാരുമല്ല തലശേരി ഡി. വൈ. എസ്പി പ്രിൻസ് എബ്രഹാം തന്നെയാണ്. അതികാലത്ത് തന്നെ ഇരിട്ടി പോലീസ് വീട്ടിലെത്തി വിരട്ടി. ഒരു ജീപ്പ് നിറയെ കാക്കിപ്പട ഉണ്ടായിരുന്നു.
ഇനി എന്താണ് ലിയോ ചെയ്ത മഹാപാതകം എന്നു കൂടി അറിയേണ്ടേ? ബീഫ് നിരോധനത്തെ അനുകൂലിച്ചു പരിവാർ സംഘടനകളുടെ കൂടെ മെത്രാനും കൂടി എന്നു റിപ്പോർട്ട് ചെയ്തു. അന്യമതസ്ഥരുമായി കത്തോലിക്കാ യുവതികൾ വിഹാഹം കഴിക്കരുതെന്നും ഒരു ഇടയ ലേഖനം രഹസ്യ സ്വഭാവത്തിൽ ഇറക്കിയതും നാരദ പ്രസിദ്ധീകരിച്ചു. അറസ്റ്റ് ചെയ്യാൻ വെമ്പൽ കൊള്ളുന്ന പോലീസ് ഏമാന് വാർത്തയുടെ അടിസ്ഥാന ഡോക്യുമെന്റസ് വാട്സാപ്പിൽ അയച്ചു കൊടുത്തു. പറഞ്ഞിട്ടും കാര്യമില്ല, എപ്പോഴാണ് പോലീസ് ഇനി ബസുമായി ലേഖകന്റെ വീട്ടിലേക്ക് മാസ് എൻട്രി നടത്തുന്നതെന്ന് അറിയില്ല.
