തടവുകാര്‍ സ്വന്തം പണം ശേഖരിച്ചു ടി.വി വാങ്ങി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ അധികൃതരറിയാതെ ടെലിവിഷന്‍ സ്ഥാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing തടവുകാര്‍ സ്വന്തം പണം ശേഖരിച്ചു ടി.വി വാങ്ങി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ അധികൃതരറിയാതെ ടെലിവിഷന്‍ സ്ഥാപിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ അധികൃതരറിയാതെ ടെലിവിഷന്‍ സ്ഥാപിച്ചു. ജയിലിലെ ഒന്നാം ബ്ലോക്കിലാണ് പഴയ മോഡല്‍ ടി.വി. സ്ഥാപിച്ചത്. സ്ഥാപിച്ചയുടന്‍ സംഭവമറിഞ്ഞ ജയില്‍സൂപ്രണ്ട് ടി.വി. പിടിച്ചെടുത്തു. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നാലുദിവസം മുന്‍പാണ് പഴയ മോഡലിലുള്ള പുത്തന്‍ ടെലിവിഷന്‍ പ്രത്യേക രീതിയില്‍ പാക്ക് ചെയ്ത് ജയിലിനുള്ളിലെത്തിച്ചത്. അന്നുതന്നെ ടെലിവിഷന്‍ സ്ഥാപിക്കുകയും ചെയ്തു. ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ പെട്ടി തുറന്നുനോക്കാതെ കടത്തിവിടുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്നു പറയുന്നു. ഒന്നാം ബ്ലോക്കില്‍ ഇരുനൂറോളം തടവുകാരാണുള്ളത്.

തടവുകാര്‍ സ്വന്തം പണം ശേഖരിച്ചാണ് ടി.വി. വാങ്ങിയതെന്നു പറയുന്നു. തടവുകാരുടെ വേതനത്തിലെ ഒരു ഭാഗം വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതില്‍നിന്നുള്ള പണം പുറത്തുനിന്നുള്ള ആരോ ശേഖരിച്ച് ടി.വി. വാങ്ങിനല്‍കുകയായിരുന്നു. സംഭവം ഗൗരവത്തോടെയാണ് ജയിലധികൃതര്‍ കാണുന്നത്. ഇക്കാര്യം ജയില്‍ ഡി.ഐ.ജി.യുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരമുതല്‍ രണ്ടരവരെയുള്ള സമയത്തായിരിക്കാം ടി.വി. കടത്തിയതെന്നാണ് സംശയം. ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലില്‍ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും ലോറിയില്‍ സാധനങ്ങള്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. ഈ ലോറിയിലാണ് ടി.വി. കടത്തിയതെന്നു സംശയിക്കുന്നു.

0Shares