
പ്യോങ്യാങ്: ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കുമെന്ന തങ്ങളുടെ മുന്നറിയിപ്പ് ഉടന്‍തന്നെ നടപ്പിലാക്കുമെന്ന് ഉത്തര കൊറിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റി യോങ് പില്‍. പസഫിക് സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്ന വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ തള്ളിക്കളയേണ്ടതില്ല. ഉത്തര കൊറിയ തങ്ങളുടെ വാക്ക് എന്നും പാലിക്കാറുണ്ടെന്നും റി യോങ് പറഞ്ഞു.
ഉത്തര കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യു.എന്നില്‍ പ്രസംഗിച്ചതിനു പിന്നാലെയാണു വിദേശകാര്യമന്ത്രി റി യോങ് ഹോ നിലപാടു വ്യക്തമാക്കിയത്. ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തര കൊറിയ തയാറായാല്‍ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും.

1980ല്‍ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മുന്‍പു നടത്തിയതെല്ലാം ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങളായിരുന്നു. കഴിഞ്ഞ മാസം 120 കിലോ ടണ്‍ സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് അവര്‍ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്.
