ഭുവനേശ്വര്‍: രക്തദാഹിയായ ഡ്രാക്കുള സാങ്കല്‍പ്പിക കഥാപാത്രമാണെങ്കിലും അത് യാഥാര്‍ഥ്യമായാല്‍ എങ്ങനെയിരിക്കും. ആലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നുവല്ലേ?..എങ്കില്‍ അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയില്‍ തന്നെയാണ് സംഭവം. ഒഡീഷയിലെ ഗന്‍ജം ജില്ലയിലാണ് ഒരാള്‍ മൂന്നാം ക്ലാസുകാരിയുടെ കഴുത്തറുത്ത് രക്തം കുടിക്കാന്‍ ശ്രമിച്ചത്. കടല്‍ത്തീരത്തിനടുത്തുള്ള ബഡാ അര്‍ജീപള്ളി എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന ഈ സംഭവമുണ്ടായത്. 33കാരനായ ബെയ്രാഗിയാണ് പെണ്‍കുട്ടിയുടെ രക്തം കുടിക്കാന്‍ ശ്രമിച്ച് പോലീസ് പിടിയിലായത്.

തന്റെ അയല്‍വാസിയായ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ബെയ്രാഗി എന്ന ഇയാള്‍ കുട്ടിയുടെ കഴുത്ത് കത്തി കൊണ്ട് മുറിച്ച് ആക്രമിച്ചത്. പെണ്‍കുട്ടി എംകെസിജി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമിച്ച ശേഷം ഒളിവില്‍പ്പോയ ബെയ്രാഗിയെ ഗോപാല്‍പൂരില്‍ വച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബെയ്രാഗിയെ പിന്നീട് ജയിലിലേക്കു മാറ്റി. ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.