
വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് കെ. മുരളീധരൻ എം.പിയുടെ മറുപടി. താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ ആരും സഹായത്തിന് എത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റക്കാണ് പ്രചാരണം നടത്തിയതെന്നും മുരളീധരൻ പറഞ്ഞു. എന്നിട്ടും 7600 വോട്ടിന് ജയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനം മുടങ്ങില്ല. എം. പി എന്ന നിലയിൽ തന്‍റെ മണ്ഡലത്തിൽ ചില കാര്യങ്ങൾ നടത്താനുണ്ട്. അതു കഴിഞ്ഞാൽ വട്ടിയൂർക്കാവിൽ പോകുമെന്നും അവിടെ ഒരു തെരഞ്ഞെടുപ്പ് കൺവെൻഷനിൽ താൻ പങ്കെടുത്തിരുന്നെന്നും കെ. മുരളീധരൻ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഇതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് മോഹന്‍കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.

കെ. മുരളീധരന്‍റെ വാക്കുകൾ..
“നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയും സ്ഥാനാർത്ഥി ആയിട്ടുള്ള ഞാനും തന്നെയാണ് എല്ലാ കാര്യങ്ങളും നോക്കിയത്. അന്നും ആരും സഹായിക്കാൻ വന്നിട്ടില്ല. സംസ്ഥാന നേതാക്കൾ രംഗത്തുള്ളത് കൊണ്ട് ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി ഭേദപ്പെട്ടിട്ടുണ്ട്. ഞാൻ മത്സരിക്കുന്ന കാലത്ത് ഒരു സഹായവും ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അങ്ങനെ ഉള്ള സാഹചര്യത്തിലാണ് 7600 വോട്ടിന് ജയിച്ചത്. അതുകൊണ്ട് ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാണങ്ങൾക്ക് മുടക്കമൊന്നും ഉണ്ടായിട്ടില്ല.
പാർലമെന്റിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടു. അവിടെ മത്സരിച്ച് ജയിച്ചു. എം.പി എന്ന നിലയിൽ ചെയ്യേണ്ട ചില ജോലികൾ ഉണ്ട്. അതിന് ശേഷം തീർച്ചയായിട്ടും വട്ടിയൂർക്കാവ് ഉൾപ്പടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് രംഗങ്ങളിലേക്കും ഞാൻ പോകുന്നുണ്ട്. അവിടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
നാളെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമുണ്ട്. തീർച്ചയായും എന്‍റെ സാന്നിധ്യം വട്ടിയൂര്‍ക്കാവിൽ ഉണ്ടാകും. അതിന് മാറ്റമൊന്നും ഇല്ല. പക്ഷേ എം.പി എന്ന നിലയിൽ ചില പ്രവർത്തനങ്ങൾ കൂടി നിർവ്വഹിക്കാനുണ്ട്“ – മുരളീധരൻ പറഞ്ഞു.
