ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായിരുന്ന മലയാളി താരം ശ്രീശാന്തും മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര് മുറുകുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചു വരവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെ കുറിച്ച് ആകാശ് ചോപ്ര ട്വീറ്റ് ചെയ്ത്തിന് താഴെ ഒരു ആരാധകന്‍ ശ്രീശാന്തിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചതാണ് വാക്‌പോരിന് തുടക്കം. അത് ഒരിക്കിലും സാധ്യമാകില്ല എന്നായിരുന്നു ആകാശ് ചോപ്രയുടെ മറുപടി. എന്നാല്‍ നിമിഷം നേരം കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കി ശ്രീശാന്തും രംഗത്തെത്തി.

താന്‍ തിരിച്ചു വരുമെന്നും നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി താനിനിയും ക്രിക്കറ്റ് കളിക്കുമെന്നുമായിരുന്നു ഇരുവര്‍ക്കുമുള്ള ശ്രീശാന്തിന്റെ മറുപടി.
എന്നാല്‍ ‘ശ്രീശാന്തിന് കളിക്കാനുള്ള ഫിറ്റ്‌നസ് ഉണ്ടായിരിക്കാം. പക്ഷേ ഒരിക്കല്‍ വാതുവെപ്പിന്റെ പേരില്‍ പിടിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ ഇനി കളിക്കാന്‍ അനുവദിക്കരുത്.

രാജ്യത്തെയും ക്രിക്കറ്റിനെയും സ്വന്തം നേട്ടത്തിന് വേണ്ടി ഒറ്റു കൊടുത്തവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കരുത്’ എന്ന് ശ്രീശാന്തിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ആകാശ് ചോപ്ര വീണ്ടും ട്വീറ്റ് ചെയതു. ശ്രീശാന്തിന്റെ സ്ഥാനത്ത് തന്റെ സഹോദരനെയാണ് വാതുവെപ്പില്‍ പിടിച്ചതെങ്കില്‍ ഇതു തന്നെയായിരിക്കും പറയുകയെന്നും ആകാശ് വ്യക്തമാക്കി. വാക് പോരിന് ഒടുവില്‍ ശ്രീശാന്തിന്റെ ബൗളിങ് ഇഷ്ടമാണെന്ന് പറഞ്ഞ ആകാശ് മലയാളി താരത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നു. താന്‍ കളിക്കുമ്പോള്‍ ആകാശിന്റെ കമന്ററിക്കായി കാത്തിരിക്കുകയാണെന്ന് ശ്രീശാന്തും ട്വീറ്റ് ചെയ്തു.