ജാലിയന്‍ വാലാബാഗിന്‍റെ നൂറാം വാര്‍ഷികം: നാടിന്‍റെ ചരിത്ര വഴികള്‍ വീണ്ടെടുക്കാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒ.ബി.സി സെല്‍ നാടകവുമായി രംഗത്ത്

  • Post category:news
  • Reading time:2 mins read
You are currently viewing ജാലിയന്‍ വാലാബാഗിന്‍റെ നൂറാം വാര്‍ഷികം: നാടിന്‍റെ ചരിത്ര വഴികള്‍ വീണ്ടെടുക്കാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒ.ബി.സി സെല്‍ നാടകവുമായി രംഗത്ത്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി ഇന്നും നിലകൊള്ളുന്ന സംഭവമായ ജാലിയന്‍വാല ബാഗ് നാടകമാവുന്നു. ജാലിയന്‍ വാലാബാഗിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒ.ബി.സി. വിഭാഗമാണ് ജാലിയന്‍ വാലാബാഗിന്‍റെ ശതാബ്ദി ആചരണവും, നാടകാവതരണവും സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബന്‍ മാട്ടുമന്തയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നാടകാവതരണം 2019 ഏപ്രില്‍ 13,വൈകുന്നേരം 6 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് നടക്കും.

ജാലിയന്‍ വാലാബാഗ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്തതും ത്യാഗോജ്വലവുമായ ഏടുകളിലൊന്നാണ് ജാലിയന്‍വാലബാഗ് സംഭവം 1919 ഏപ്രില്‍ 13 ന് സിഖുകാരുടെ ബൈശാഖി ഉത്സവദിനത്തിലാണ് അമൃത്സറിലെ ജാലിയന്‍വാല ബാഗ് മൈതാനത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിനു നേരെ ഒരു പ്രകോപനവുമില്ലാതെ ജനറല്‍ റെജിനാള്‍ഡ് ഡയര്‍ തന്റെ ഗൂര്‍ഖ പട്ടാളത്തെ ഉപയോഗിച്ച് നരഹത്യ നടത്തുന്നത് വാറന്റ് കൂടാതെ ആരരയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും അധികാരം നല്കുന്ന റൗലക്റ്റ് നിയമത്തിനെതിരര സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തെയാണ് ഡയര്‍ കൂട്ടക്കൊല ചെയ്തത്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ത്യയുടെ മനസാക്ഷിയെ അടിമുടി ഉലച്ചുകളഞ്ഞ സംഭവമായിരുന്നു ജാലിയന്‍വാല ബാഗ് കൂട്ടക്കൊല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെയും പോരാട്ട ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമായ ജാലിയന്‍വാലബാഗ് ശതാബ്ദി ആചരണം ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളോടെ ഒ.ബി സി വിഭാഗം ആചരിക്കുകയാണ്.

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരും മാപ്പ് എഴുതി നല്കി പിന്‍വാങ്ങിയവരും ഒന്നിലും ഒരു പങ്കുമില്ലാത്തവരും സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ അപ്പോസ്തലന്‍മാരാവാന്‍ ശ്രമിക്കുന്ന കാലഘട്ടമാണിത്.സ്വാതന്ത്ര്യവും ജനാധിപത്യവും മതേതര മൂല്യങ്ങളും ആഴത്തില്‍ മുറിവേല്‍ക്കപ്പെടുകയും അസഹിഷ്ണുതയുടെ അസ്വാസ്ഥ്യവും ഭീതിജനകവുമായ വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നിറയുകയും ചെയ്യുന്ന സാഹചര്യമാണിത്.

ചരിത്ര സംഭവങ്ങളും സ്മൃതികളും സ്മാരകങ്ങളും അവഗണിക്കുകയും തിരസ്‌കരിക്കുകയും ചെയ്യപ്പെടുന്നു. റൗളക്റ്റ് ആക്റ്റിനു സമാനമായ കരിനിയമങ്ങള്‍ പാസാക്കുകയും വിദ്യാര്‍ത്ഥി -യുവജന മനുഷ്യാവകാശ – പരിസ്ഥിതി സംഘടന പ്രവര്‍ത്തകര്‍ കല്‍ത്തുറങ്കിലടയ്ക്കപ്പെടുന്നു. ജാതിയുടെയും മതത്തിന്‍റെയും വര്‍ഗ്ഗത്തിന്‍റെയും വര്‍ണ്ണത്തിന്‍റെയും പ്രദേശത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരില്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭരണകൂടം നേതൃത്വം നല്കുന്നു .ഭരണഘടന മൂല്യങ്ങള്‍ക്കു വരരക്ഷതമേല്‍ക്കുന്നു.

ഈ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജാലിയന്‍വാലബാഗിലെ സമരവും അതിനു പിന്നിലെ മതേതര ഐക്യവും ചര്‍ച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഹിന്ദുവും, മുസ്ലിംമും, സിഖും, പാഴ്‌സിയും, ക്രിസ്ത്യാനിയും തോളോടുതോള്‍ ചേര്‍ന്ന് നടത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ജാലിയന്‍വാല ബാഗ്.

നമുക്ക് ജാലിയന്‍വാല ബാഗ് ഓര്‍മകള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. നാടിന്‍റെ ചരിത്ര വഴികള്‍ വീണ്ടെടുക്കേണ്ടതുണ്ട്. കെ.പി.സി.സി ഒ.ബി.സി വിഭാഗം സംഘടിപ്പിക്കുന്ന ജാലിയന്‍വാല ബാഗ് ശതാബ്ദി ആഘോഷങ്ങളിലേക്കും ജാലിയന്‍വാല ബാഗ് നാടകാവതരണത്തിലേക്കും അഭിമാനപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

0Shares