
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. ഇന്ന് വെളുപ്പിനെ 2 മണിക്ക് എറണാകുളത്തുള്ള മകന്‍ ബസന്ത് ബാലാജിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു.

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഡി.ശ്രീദേവി തിരുവനന്തപുരം ലോ കോളേജില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984 ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടു. 1992 -ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997 ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിതയായി.
2001 ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്. 2002 ല്‍ വിരമിച്ചു. പിന്നീട് 2007 മുതല്‍ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷയായി. സംസ്‌കാരം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തില്‍.
