ഇടുക്കി: ചെറിയ ഇടവേളയ്ക്ക് ശേഷം വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആറിന് 2396.2 അടിയായിരുന്നു ജലനിരപ്പ് പത്ത് മണിയായപ്പോള്‍ ജലനിരപ്പ് 0.06 അടി കുറഞ്ഞ് 2396.14 അടിയിലെത്തിയിരുന്നു. എന്നാല്‍ പകല്‍ പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് രാത്രി 2396.26 അടിയിലെത്തി. രണ്ടുദിവസത്തിന് ശേഷം ശക്തമായ നീരൊഴുക്ക് രേഖപ്പെടുത്തി. നിലവില്‍ 2396.62 അടിയാണ് ജലനിരപ്പ്. ഇത് 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എം.എം മണി അറിയിച്ചിരുന്നു. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഉള്ളത്.
ഇപ്പോഴത്തെ മഴയുടെ അളവും നീരൊഴുക്കിന്റെ തോതും കണക്കിലെടുത്താല്‍ ജലനിരപ്പ് 2398 എത്താന്‍ അധിക ദിവസം എടുത്തേക്കില്ല. മഴ വീണ്ടും കുറയുകയും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ നടക്കുകയും ചെയ്താല്‍ ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന നിലപാട് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ചെറിയ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു