തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ നിയമലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈശ്വരന്റെ പേരില്‍ ഇത്തരത്തില്‍ ഒന്നും നടത്താന്‍ ഒരു ഉദ്യോഗസ്ഥനും അവകാശമില്ലെന്നും പിണറായി പറഞ്ഞു. ഈശ്വരനെ അംഗീകരിക്കുന്നോ ഇല്ലയോ എന്നൊന്നും സര്‍ക്കാരിന് പ്രശ്നമില്ല.
നിയമവാഴ്ച നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട് ചീമേനി ജയിലില്‍ കഴിഞ്ഞ ദിവസമാണ് ഗോപൂജ നടന്നത്. ജയിലിലെ ഫാമിലേക്ക് കുള്ളന്‍ പശുക്കളെ കൈമാറുന്ന ചടങ്ങിലായിരുന്നു ഗോപൂജ.

ജൈവകൃഷി വിപുലമാക്കുന്നതിന് ഭാഗമായാണ് കുള്ളന്‍ പശുക്കളെ ജയില്‍ അധികൃതര്‍ വാങ്ങാന്‍ പദ്ധതി ഇട്ടത്. തുടര്‍ന്ന് കര്‍ണാടക ഹൊസനര മഠാധിപതി രാമചന്ദ്രപുരയുടെ നേതൃത്വത്തില്‍ കുള്ളന്‍ പശുക്കളെ സൗജന്യമായി നല്‍കുകയായിരുന്നു. ഗോപൂജ വിവാദമായതോടെ പശുക്കളെ നല്‍കിയ മഠാധികാരികളാണ് പൂജ നടത്തിയതെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന വകുപ്പില്‍ നടന്ന സംഭവമായിട്ടും ചെറുവിരല്‍ അനക്കുന്നില്ലെന്ന വിമര്‍ശനവും പിന്നാലെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.