
തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള തർക്കത്തിൽ പ്രതികരണവുമായി ഒ.രാജഗോപാല്‍. ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന് ബി.ജെ.പി മുതിർന്ന നേതാവ് കൂടിയായ ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഭരണ കേന്ദ്രങ്ങളാണ്. ആര്‍ക്കും കോടതിയെ സമീപിക്കാം. എന്നാല്‍, മറ്റു വഴികള്‍ തേടേണ്ടിയിരുന്നു വെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. ഭരണത്തിൻ്റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേര്‍ ഇങ്ങനെ പെരുമാറുന്നത് ശരിയല്ല. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും നല്ല ബന്ധമാണ്, അതുകൊണ്ട് തന്നെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്നം പരിഹരാരത്തിന് ശ്രമിക്കാം. ഭരണാധികാരികളെ ജനങ്ങള്‍ ആദരവോടെയാണ് കാണുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്ച. ഹര്‍ജി നല്‍കാനിടയായ സാഹചര്യങ്ങള്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിച്ചതായാണ് വിവരം. പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് കേരള നിയമസഭ പ്രമേയം പാസാക്കുമ്പോൾ എതിർത്ത് വോട്ട് ചെയ്യുന്നതിന് പകരം ഓ രാജഗോപാൽ വെട്ടുനിന്ന് കേരളത്തിൻ്റെ വികാരത്തിൽ പങ്ക് ചേർന്നതും നാം കണ്ടതാണ്.
