
കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ വീണതോടെ രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ എണ്ണം വെറും 5 ആയി ചുരുങ്ങി. ഇനി ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി അധികാരത്തില്‍ ഉള്ളത് പുതുച്ചേരിയില്‍ മാത്രമാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നിവയാണ് കോണ്‍ഗ്രസിന് അധികാരമുളള മറ്റ് സംസ്ഥാനങ്ങള്‍.
ഇന്ന് കര്‍ണാടകയും കൈവിട്ടതോടെ ദേശീയതലത്തില്‍ പാര്‍ട്ടിയാകെ പ്രതിസന്ധിയിലായിക്കഴിഞ്ഞു. മധ്യപ്രദേശില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. കര്‍ണാടകയുടെ പ്രതിഫലനം മധ്യപ്രദേശില്‍ ഉണ്ടാകാനുളള സാധ്യതയും തളളിക്കളയാനാകില്ല. ഈ വര്‍ഷം തന്നെ വരാനിരിക്കുന്ന ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ ഈ സാഹചര്യത്തില്‍ വിജയിച്ചു വരാമെന്ന് നേതാക്കള്‍ പോലും കരുതുന്നില്ല.

പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാത്തതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് രാഹുല്‍ഗാന്ധി ഒളിച്ചോടിയതിന് ശേഷം പുതിയ നേതാവിനെ കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കോണ്‍ഗ്രസ്. നേതാക്കന്മാര്‍ ഒന്നടങ്കം ബി.ജെ.പിയിലേക്ക് ചേക്കേറുന്നതും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതിദയനീയ തോല്‍വി, പാര്‍ട്ടിയെ പെരുവഴിയിലിട്ട് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുലിന്‍റെ ഒളിച്ചോട്ടം ,ഗോവയിലെ എം.എല്‍.എമാരുടെ കൂറുമാറ്റം, ഒടുവില്‍ കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിന്‍റെ പതനം. ഒന്നിന് പിറകെ ഒന്നായി തിരിച്ചടികളില്‍ വലയുകയാണ് കോണ്‍ഗ്രസ്. അധ്യക്ഷനില്ലാത്ത ഒരു പാര്‍ട്ടിക്ക് താങ്ങാനാകുന്നതിലും ഏറെയാണ് ഈ തോല്‍വി.
