
ന്യൂഡല്‍ഹി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ടെന്ന ആരോപണത്തില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ മേല്‍ ഉണ്ടായിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. അതേസമയം ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ നിന്നും കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നും എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. എന്താണെങ്കിലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നല്‍കുന്ന ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

കോടതിയുടെ മുന്നില്‍ ക്രിമിനൽ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ. എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയിൽ തന്‍റെ അവകാശങ്ങൾക്ക് എതിരാണെന്നും കേസിന്‍റെ വാദത്തിനിടയിൽ ശ്രീശാന്ത് കോടതിയിൽ പറഞ്ഞിരുന്നു.
കേസിന്‍റെ ആരംഭത്തില്‍ ദില്ലി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്. ശ്രീശാന്തിനെ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കിയ ദില്ലി കോടതി വിധിക്കെതിരെ പോലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികൾ തുടരുകയാണ്.
