കോളജിലേക്ക് പരീക്ഷയെഴുതാന്‍ വരുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് മരിച്ച റോജേഷ് റോയിക്ക് നാടിൻ്റെ യാത്രാമൊഴി

  • Post category:news
  • Reading time:1 min read
You are currently viewing കോളജിലേക്ക് പരീക്ഷയെഴുതാന്‍ വരുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് മരിച്ച റോജേഷ് റോയിക്ക് നാടിൻ്റെ യാത്രാമൊഴി

കാസര്‍കോട്: കോളജിലേക്ക് പരീക്ഷയെഴുതാന്‍ വരുന്നതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ട്രെയിനിനും പാളത്തിനുമിടയില്‍പെട്ട് മരിച്ച കാസര്‍കോട് പൊവ്വല്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ ഇരിട്ടി മണിക്കടവ് സ്വദേശിയുമായ റോജേഷ് റോയി(21)ക്ക് നാടിൻ്റെ യാത്രാമൊഴി. ശനിയാഴ്ച രാവിലെ പത്തരയോടെ മണിക്കടവ് ആനറ സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം നടന്നു. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു. കോളജില്‍ എസ്.എഫ്.ഐ സംഘടനയുടെ സജീവപ്രവര്‍ത്തകനും മികച്ച സംഘാടകന്‍ കൂടിയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്. കോളജില്‍ ശനിയാഴ്ച ആരംഭിക്കുന്ന പരീക്ഷ എഴുതാനായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ അബദ്ധത്തില്‍ പാളത്തിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റോയി സംഭവ സ്ഥലത്തുവച്ചു തന്നെ ദാരുണമായി മരിച്ചു. മണിക്കടവിലെ റോയ്- ജോയ്സി ദമ്പതികളുടെ ഏക മകനാണ് റോജേഷ്. അവസാന നോക്ക് കാണാനായി മണിക്കടവിലെ വീട്ടിലും സെമിത്തേരിയിലും നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും എത്തിയിരുന്നു.

0Shares