കോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ; ജാമ്യമില്ലാതെ ചിദംബരം; തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing കോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ; ജാമ്യമില്ലാതെ ചിദംബരം; തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ

ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് ജാമ്യമില്ല. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സി.ബി.ഐ കോടതി അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടത്.

എന്നാല്‍ അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും സംസാരിക്കാനുള്ള അവകാശം പി. ചിദംബരത്തിന് ഉണ്ടാകുമെന്നും കോടതി പറഞ്ഞു. ശക്തമായ വാദപ്രതിവാദങ്ങളാണ് ദില്ലി റോസ് അവന്യൂവിലുള്ള പ്രത്യേക സി.ബി.ഐ കോടതിയിൽ നടന്നത്. ഒരിടക്ക് സ്വന്തമായി ചില കാര്യങ്ങൾ പറയാനുണ്ടെന്ന് മുൻ ധനമന്ത്രി പി. ചിദംബരം കോടതിയിൽ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാൻ ചിദംബരത്തിന് അവസരവും നൽകി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായത്. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേൽ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നുവെന്നും എസ്‍.ജി കോടതിയിൽ വാദിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ദില്ലി ഹൈക്കോടതിയിൽ ചിദംബരത്തിന് മുൻകൂർ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗർ നടത്തിയ വിധിപ്രസ്താവവും കോടതിയിൽ എസ്‍ജി പരാമർശിച്ചു.

ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും കോടതി വിധിയിൽ പരാമർശിച്ചത് മേത്ത ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ചിദംബരം തുടരേണ്ടതുണ്ടെന്നും എങ്കിലേ അന്വേഷണം ഫലപ്രദമാകൂ എന്നും സി.ബി.ഐ. കേസ് ഡയറിയും അന്വേഷണത്തിന്‍റെ നാൾവഴിയും കോടതിയ്ക്ക് മുമ്പാകെ സമർപ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ എസ്‍ജി വാദിച്ചു.

0Shares