തൊടുപുഴ: കൊട്ടക്കമ്പൂരില്‍ വ്യാജരേഖ ചമച്ച് സി.പി.എം നേതാവും ഭൂമി കൈയേറി. പെരുമ്പാവൂര്‍ മുനിസിപ്പില്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ ജോണ്‍ ജേക്കബ് കൈയേറിയത് നൂറോളം ഏക്കര്‍. അതീവ പരിസ്ഥിതി മേഖലയിലെ ഭൂമിയാണ് ജോണ്‍ ജേക്കബ് സ്വന്തമാക്കിയത്. ജോണ്‍ ജേക്കബിന്റെ സഹോദരന്മാരും ഇതുപോലെ ഭൂമി കയ്യേറിയിട്ടുണ്ട്. കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ എറണാകുളം ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. രജിസ്‌ട്രേഷനായി യഥാര്‍ഥ ഉടമകളെന്നു വ്യാജേന തന്റെ ജീവനക്കാരെയാണു ജോണ്‍ ജേക്കബ് ഹാജരാക്കിയത്. 13 പട്ടികജാതിക്കാരായ കര്‍ഷകരുടെ പേരില്‍ വ്യാജപട്ടയമുണ്ടാക്കി 52 ഏക്കര്‍ ഭൂമിയാണ് തട്ടിപ്പ് നടത്തിയെടുത്തത്. ജോണ്‍ ജേക്കബ് എം.ഡിയായ റോയല്‍ അഗ്രികള്‍ച്ചറല്‍ കമ്പനിയുടെ കൈവശമാണു ഭൂമിയുള്ളത്. ഭൂമി സ്വന്തമാക്കാന്‍ ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും സ്വീകരിച്ച അതേവഴി തന്നെയാണു ജോണ്‍ ജേക്കബും സ്വീകരിച്ചത്. പവര്‍ ഓഫ് അറ്റോര്‍ണി സ്വന്തമാക്കി ഭൂമി കൈവശപ്പെടുത്തി. 2004 ജൂണ്‍ 28ാം തീയതിയായിരുന്നു റജിസ്‌ട്രേഷന്‍. കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പവര്‍ ഓഫ് അറ്റോര്‍ണി രജിസ്ട്രേഷന്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് റജിസ്ട്രാര്‍ ഓഫിസിലാണു നടന്നത്.
ജോണ്‍ ജേക്കബിന്റെ 13 ജോലിക്കാരാണു ഭൂമിയുടെ യഥാര്‍ഥ അവകാശികളായ പട്ടികജാതിക്കാരുടെ വേഷംകെട്ടിയത്. ഇവരെ തലേദിവസം ജോണ്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള പെരുമ്പാവൂരിലെ ഫ്‌ലാറ്റിലാണു താമസിപ്പിച്ചത്. ദേവികുളത്ത് റജിസ്‌ട്രേഷന്‍ നടത്തിയാല്‍ തട്ടിപ്പു പുറത്താകുമെന്ന കാരണത്താലാണു കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസ് തിരഞ്ഞെടുത്തത്. ഒരേ ദിവസം മിനിറ്റുകള്‍ ഇടവേളയില്‍ പട്ടയത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സി.പി.എം നേതാവിന്റെ ബിനാമികളുടെ പേരിലേക്കു മാറ്റി. 2004 ജൂണ്‍ 30നു ദേവികുളം രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ഇതേ ഏജന്റുമാര്‍ ഭൂമി ജോണ്‍ ജേക്കബിന്റെയും ഭാര്യയുടെയും പേരിലുള്ള റോയല്‍ അഗ്രികല്‍ച്ചറല്‍ കമ്പനിക്കു തീറാധാരം രജിസ്റ്റര്‍ ആക്കി നല്‍കി. സമാനമായ രീതിയില്‍ ജോണ്‍ ജേക്കബിന്റെ സഹോദരങ്ങളും പിതാവും നൂറേക്കറിലേറെ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അട്ടിമറിക്കപ്പെട്ടു. മന്ത്രി എം.എം. മണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവു കൂടിയാണ് ജോണ്‍ ജേക്കബ്.