കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇനിയൊരു വിവാദമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി; ചെവികൊള്ളാതെ സോഷ്യല്‍ മീഡിയ, മെട്രോയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ വലിച്ചുകീറി ആഘോഷമാക്കി ട്രോളന്‍മാര്‍

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇനിയൊരു വിവാദമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി; ചെവികൊള്ളാതെ സോഷ്യല്‍ മീഡിയ, മെട്രോയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ വലിച്ചുകീറി ആഘോഷമാക്കി ട്രോളന്‍മാര്‍

കൊച്ചി: കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇനിയൊരു വിവാദമുണ്ടാക്കരുത് എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയ ചെവികൊണ്ടില്ല. കാരണം ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് കൊച്ചി മെട്രോയുടെ യാത്രയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ മോദിക്കൊപ്പം പാലാരിവട്ടത്ത് എത്തിയ കുമ്മനം മെട്രോയില്‍ കയറി. പ്രധാനമന്ത്രിയുടെ അതേ കസേരയില്‍ ഇരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയ്ക്ക് ഇടം നല്‍കി. ‘

നമുക്ക് എല്ലാവര്‍ക്കും അറിയാലോ വിളിക്കാത്ത കല്യാണത്തിന് പോയി ഫോട്ടോ എടുക്കുന്ന ഇതുപോലൊരു കൂട്ടുക്കാരന്‍’ എന്ന തലക്കെട്ടോടെ കുമ്മനവും കൊച്ചി മെട്രോയില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ആകര്‍ഷണം. ആര്, എന്തിന്, എങ്ങനെ കുമ്മനത്തെ മെട്രോയില്‍ കയറ്റി എന്ന സംശയത്തിലാണ് മലയാളികള്‍. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ മെട്രോയുടെ പിതൃത്വം അവകാശപ്പെടാന്‍ അര്‍ഹതയുള്ള നേതാക്കള്‍ പുറത്തിരിക്കുമ്പോഴാണ് പേരിന് പോലും മെട്രോയുമായി ബന്ധമില്ലാത്ത കുമ്മനം അതില്‍ കയറിപ്പറ്റിയത്. ഇതിനെതിരെ വന്‍വിമര്‍ശനവും പരിഹാസവും ഇതിനോടകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു.

കുമ്മനം ഉള്‍പ്പെട്ട മെട്രോ യാത്രയുടെ ധാരാളം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വളരെ നൈസായി ഫോട്ടോയില്‍ നിന്ന് കുമ്മനത്തെ ഒഴിവാക്കിക്കളഞ്ഞു. മെട്രോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുമൊത്തുള്ള യാത്രയും വിശദീകരിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ കുമ്മനത്തിന്റെ ചിത്രം ഇല്ല. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി. സദാശിവം എന്നിവര്‍ മാത്രമാണ് ഫോട്ടോയില്‍ ഉള്ളത്.

മെട്രോയുടെ കന്നിയാത്രയില്‍ കയറിക്കൂടിയ കുമ്മനം രാജശേഖരന്റെ ഫോട്ടോ ഒഴിവാക്കി മുഖ്യമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തത് ട്രോളന്‍മാര്‍ ആഘോഷമാക്കുകയാണ്. വലിഞ്ഞുകയറിയ കുമ്മനത്തെ മുഖ്യമന്ത്രി പുറത്താക്കിയെന്നാണ് ഇത് ഷെയര്‍ ചെയ്തുകൊണ്ട് ട്രോളന്‍മാര്‍ പറയുന്നത്. ഒരുകണക്കിന് പറഞ്ഞാല്‍ മെട്രോയില്‍ ആദ്യമായി കള്ളവണ്ടി കയറിയ ക്രെഡിറ്റ് കുമ്മനം രാജശേഖരന് തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല.

 

0Shares