കെ.വി തോമസും പി. കരുണാകരനും മലയാളികളോട് പറയാതെ പറയുന്ന ഒരു രാഷ്ട്രീയമുണ്ട്; അത് ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing കെ.വി തോമസും പി. കരുണാകരനും മലയാളികളോട് പറയാതെ പറയുന്ന ഒരു രാഷ്ട്രീയമുണ്ട്; അത് ഇതാണ്

മുൻകൂട്ടി പറയട്ടെ, ഈ എഴുത്ത് തികച്ചും സാങ്കല്‍പ്പികമാണ്‌. എന്നാല്‍, കാലിക പ്രസക്തി ഏറിയതുമാണ്.
കേരളത്തില്‍ സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിക്കുന്നു. അന്ന് തന്നെയോ അടുത്ത ദിവസമോ സിറ്റിംഗ് എം.പി മാരിൽ മത്സരിക്കാതിരിക്കുന്ന ഏക സി.പി.എം പ്രതിനിധിയായ പി.കരുണാകരനെ മാധ്യമ പ്രവർത്തകർ കാണുന്നു.

താങ്കള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടു.എന്താണ് അഭിപ്രായം? വിഷമമുണ്ടോ?

ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുമോ.?

കെ.പി സതീഷ് ചന്ദ്രന് വേണ്ടി പ്രവർത്തിക്കുമോ.?

ബി.ജെ.പി യിൽ ചേരുമോ..?

സി.പി.എം കേന്ദ്രകമ്മറ്റിയംഗമായ പി.കരുണാകരനോട് പോയിട്ട് ഒരു ലോക്കൽ കമ്മറ്റിയംഗത്തോട് പോലും ഈ ചോദ്യങ്ങൾ ചോദിക്കുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിയില്ലെന്നറിയാം.
ഒരു മാധ്യമ പ്രവർത്തകനും ഈ ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നില്ലെന്നും അറിയാം..

കാരണം എന്തെന്നാല്‍ ഇടതുപക്ഷം എന്നത് ഒരു രാഷ്ട്രീയ ബോധം കൂടിയാണ്.പി.കരുണാകരനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും ഈ ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമ പ്രവർത്തകരും ജനങ്ങളും നേരത്തേ മനസിലാക്കിയത് കൊണ്ടാണ് ഈ ചോദ്യങ്ങൾ ഇല്ലാതാകുന്നത്.

എന്നാല്‍, ഇതോ ഇതിൽ കൂടുതലോ ആയ ചോദ്യങ്ങളാണ് ഏതാണ്ടിതേ പ്രായത്തിലുള്ള 72 വയസിനുള്ളിൽ കോൺഗ്രസിന്‍റെ ബൂത്ത് തലം മുതൽ അഖിലേന്ത്യാ തലം വരെയുള്ള വിവിധ കമ്മറ്റികളുടെ ഭാരവാഹിയായ…
രണ്ട് തവണ എം.എൽ.എ യും ആറ് തവണ എം.പി യുമായ,സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായിരുന്ന മുതിർന്ന നേതാവെന്ന വിശേഷണം ഏത് നിലയിലും യോജിക്കുന്ന കുമ്പളങ്ങിക്കാരൻ പ്രൊഫ.കെ.വി തോമസിനോട് മാധ്യമങ്ങൾ ഇന്നലെ ചോദിച്ചത്.

അതിനുള്ള ഉത്തരവും നമ്മൾ കേട്ടതാണല്ലോ..
‘ബി.ജെ.പി യിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ‘..

എന്ത് പറയാനാ, ഈ രാഷ്ട്രീയക്കാരെല്ലാം കണക്കാണെന്നേ,ഇടതും വലതും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്നേ എന്ന് ദിവസവും നൂറാവർത്തി പറയുന്ന നിഷ്കളങ്ക നാട്യക്കാർ മനസിലാക്കുമോ എന്തോ,
ഇടതും വലതും തമ്മിലുള്ള വ്യത്യാസം താരതമ്യപ്പെടുത്താൻ പോലും പറ്റാത്ത ധ്രുവങ്ങളിലാണെന്ന്.

0Shares