തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടപിരിച്ചുവിടല്‍. 143 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ചെലവു ചുരുക്കാനാണ് പിരിച്ചുവിടല്‍ എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ പിരിച്ചുവിട്ടവരില്‍ 10 വര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നു. ബ്ലാക്സ്മിത്, പെയിന്റര്‍, അപ്ഹോള്‍സ്റ്റര്‍ എന്നിവരെയാണ് ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്. പിരിച്ചുവിടപ്പെട്ടവരില്‍ നല്ലൊരു ശതമാനവും പണിയെടുക്കുന്നത് ബസ് ബോഡി നിര്‍മാണം നടക്കാത്ത ഡിപ്പോകളിലാണ്. ഇവരോട് ഇനി ജോലിക്ക് ഹാജരാവേണ്ടതില്ല എന്ന നിര്‍ദേശവും നല്‍കി. അതേസമയം പിരിച്ചുവിട്ടവരെ പുനര്‍വിന്യസിച്ച് ഇതര കാറ്റഗറിയിലേക്ക് മാറ്റുമെന്ന ഒരു വിശദീകരണവും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് നല്‍കുന്നുണ്ട്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ ട്രേഡ് യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തിരിക്കുകയാണ്.
വരുമാനമില്ലാതെ 40 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഈ പിരിച്ചുവിടല്‍. ഇവരെ ഒഴിവാക്കുന്നതിലൂടെ ശമ്പള ഇനത്തില്‍ 20 ലക്ഷത്തോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകൂട്ടല്‍. ഡീസല്‍ കമ്പനികള്‍ക്ക് കെ.എസ്.ആര്‍.ടി.സി 185 കോടിയോളം കുടിശ്ശികയായി നല്‍കാനുണ്ട്. ടയര്‍ കമ്പനികള്‍ക്ക് 22 കോടിയും ബാധ്യതയായി നില്‍ക്കുന്നു. ഡീസല്‍ കമ്പനികള്‍ കൂടുതല്‍ കടം നല്‍കാതായതോടെയാണ് ഇന്ധനക്ഷാമം തുടങ്ങിയത്.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കൂട്ടപിരിച്ചുവിടല്‍; ചെലവു ചുരുക്കനാണെന്ന് കെ.എസ്.ആര്‍.ടി.സി