കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളിലെ രസകരമായ നോമ്പോര്‍മകള്‍ പങ്കുവയ്ക്കുകയാണ് തെസ്നി ഖാന്‍. സിനിമയിലെ നോമ്പിനെക്കുറിച്ച് പറയുമ്പോള്‍ മമ്മൂക്കയുടെ കാര്യമാണ് ആദ്യം ഓര്‍മ്മവരുന്നതെന്ന് തെസ്നി പറയുന്നു. നോമ്പെടുക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക. ഷൂട്ടിങ്ങിനിടയില്‍ കാരവനില്‍ പോയി മമ്മൂക്ക നിസ്‌കരിക്കുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. അതുപോലെ, നോമ്പു തുറക്കുന്ന സമയത്ത് സെറ്റില്‍ ഒരുപാട് വിഭവങ്ങള്‍ ഒരുക്കാനും മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ എന്ന സിനിമയുടെ ഷൂട്ടിങ് ഒരു നോമ്പുകാലത്തായിരുന്നു. അന്ന് എനിക്ക് സുഖമില്ലാത്തതുകൊണ്ട് നോമ്പെടുക്കാനായില്ല.

എന്നാല്‍, മമ്മൂക്കയെ പേടിച്ച് അക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല. നോമ്പുള്ളതു പോലെയാണ് ഞാന്‍ സെറ്റില്‍ നടന്നിരുന്നത്. കൂടെ അഭിനയിച്ചിരുന്ന സുരാജ് വെഞ്ഞാറമ്മൂട് എന്നോട് നോമ്പുണ്ടോയെന്ന് ചോദിച്ചപ്പോഴും ഉണ്ടെന്നായിരുന്നു എന്റെ മറുപടി. ഉച്ചയ്ക്ക് മരുന്ന് കഴിച്ച ശേഷം അല്പം ചോറ് കഴിക്കാനായി ഞാന്‍ സെറ്റിലെ ഷെഡ്ഡിനപ്പുറത്ത് പോയി. ആരും ഇല്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷം അവിടെയിരുന്ന് ഊണു കഴിക്കാനായി ആദ്യത്തെ പിടി വാരി ഞാന്‍ നോക്കുമ്പോള്‍ മുന്നിലിതാ സുരാജ് വെഞ്ഞാറമ്മൂട്.

പിന്നത്തെ കാര്യം പറയണോ…? സുരാജ് മമ്മൂക്കയെ വിളിച്ചുകൊണ്ടു വന്ന് കാണിച്ചു. ഞാനാകെ ചമ്മിപ്പോയി. അതുകൊണ്ട് തന്നെ സെറ്റിലെ നോമ്പിനെക്കുറിച്ച് പറയുമ്പോള്‍ ഇക്കാര്യമാണ് ആദ്യം ഓര്‍മ്മ വരിക എന്നും പൊട്ടിചിരിച്ച് തെസ്‌നി പറയുന്നു.