
തിരുവനന്തപുരം : ഗവർണർ പദവി വിട്ടൊഴിഞ്ഞു മത്സരത്തിനിറങ്ങിയ നേതാവിന് ഉചിതമായ പദവി നൽകണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിക്കും. തോറ്റെങ്കിലും കേരളത്തിന്‍റെ വികസനത്തിനുവേണ്ടി ഇനിയും പ്രവർത്തിക്കുമെന്ന കുമ്മനത്തിന്‍റെ വാക്കുകളും മന്ത്രിപദവി ലക്ഷ്യംവച്ചാണെന്നു സൂചനയുണ്ട്. ഇതോടെ കുമ്മനം രാജശേഖരൻ കേന്ദ്രമന്ത്രിസഭയിലേക്ക് വരാനുള്ള സാധ്യത ശക്തമായി.

അൽഫോൻസ് കണ്ണന്താനത്തെ മന്ത്രിസഭയിൽ നിലനിർത്തിയാലും മൂന്നാമതൊരാൾക്കു കൂടി സാധ്യത കൽപിക്കുന്നുണ്ട്. വി. മുരളീധരനാണു മുൻതൂക്കം. രണ്ടു ലക്ഷത്തിനടുത്തു വോട്ട് നേടിയ സുരേഷ് ഗോപി, ശോഭ സുരേന്ദ്രൻ എന്നിവരെയും പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നേക്കാം. സംസ്ഥാന അധ്യക്ഷപദവിയിൽ നിന്നും ശ്രീധരൻപിള്ളയ്ക്കു മാറേണ്ട സാഹചര്യമുണ്ടായാൽ അവിടേക്കു കെ.സുരേന്ദ്രനെ കൊണ്ടുവരണം എന്നാണു മുരളീധരപക്ഷത്തിന്‍റെ ആവശ്യം.
ഗ്രൂപ്പ്, ജാതി സമവാക്യങ്ങൾ പാലിക്കേണ്ടി വന്നാൽ എം.ടി. രമേശിനും പ്രാതിനിധ്യം നൽകേണ്ടിവരും. തിരഞ്ഞെടുപ്പുഫലം മോശമാക്കിയതിൽ ആര്‍.എസ്.എസിന് പങ്കുണ്ടെന്നു വിമർശനമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിയിലും ആര്‍.എസ്.എസ് അഭിപ്രായങ്ങൾക്കു മുൻതൂക്കം ലഭിക്കും.
