പരിയാരം: ആദായനികുതി കുടിശ്ശിക 45 ലക്ഷം കവിഞ്ഞതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിന് ആദായനികുതി വകുപ്പിന്റെ ജപ്തി നോട്ടീസ്. വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചത്. ഈ മാസം തന്നെ തുക അടക്കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. 2013-14 ല്‍ പതിനൊന്ന് കോടി രൂപയാണ് മെഡിക്കല്‍ കോളജ് ആദായനികുതി കുടിശ്ശിക അടക്കാനുണ്ടായിരുന്നത്. അന്ന് ആദായനികുതി വകുപ്പ് നല്‍കിയ ജപ്തി നോട്ടീസ് റദ്ദാക്കുവാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയെങ്കിലും മെഡിക്കല്‍ കോളജ് അക്കൗണ്ടില്‍ നിന്നും ഒന്നരകോടി രൂപ ആദായനികുതി കുടിശ്ശികയായി വകുപ്പ് പിടിച്ചെടുത്തിരുന്നു. പിന്നീട് നടന്ന ഒത്തുതീര്‍പ്പുകളെ തുടര്‍ന്ന് പ്രതിമാസം 15 ലക്ഷം രൂപ വീതം അടച്ച് ജപ്തി നടപടികളില്‍ നിന്ന് ഒഴിവാകാനും കുടിശ്ശിക പൂര്‍ണ്ണമായി അടച്ചുതീര്‍ക്കാനും കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിമാസ അടവ് മുടങ്ങിക്കിടക്കുകയാണ്.
45 ലക്ഷം രൂപ കുടിശ്ശികയാവുകയും ഇത് അടക്കുന്നത് സംബന്ധിച്ച് ഒരു നടപടികളും മെഡിക്കല്‍ കോളജ് അധികൃതര്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെയാണ് ആദായനികുതി വകുപ്പ് കര്‍ശന നടപടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ചികില്‍സാനിരക്കുകളില്‍ കഴിഞ്ഞ മെയ് ഒന്നുമുതല്‍ 60 മുതല്‍ 100 ശതമാനത്തോളം വര്‍ദ്ധനവ് വരുത്തി വരുമാനം വലിയ തോതില്‍ കൂട്ടിയ മെഡിക്കല്‍ കോളജ് അധികൃതര്‍ നേരത്തെ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ലംഘിച്ച് തവണ മുടക്കിയതിന്റെ കാരണം വ്യക്തമല്ല. ഇതേപ്പറ്റി കൂടുതല്‍ പ്രതികരിക്കാനും അധികൃതര്‍ തയ്യാറാവുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതിനാലാണ് ആദായനികുതി കുടിശ്ശിക അടക്കാതിരിക്കുന്നതെന്നും സൂചനകളുണ്ട്.