‘കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍..’; ഡി.വൈ.എഫ്.ഐ നേതാവ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ഭക്തരുടെ പൊങ്കാല

  • Post category:news
  • Reading time:1 min read
You are currently viewing ‘കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍..’; ഡി.വൈ.എഫ്.ഐ നേതാവ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ഭക്തരുടെ പൊങ്കാല

കണ്ണൂര്‍: കുരുന്നുകളുമായി 400 കിലോമീറ്റര്‍ കാല്‍നടയായി പിതാവ് ശബരിമലയിലേക്ക് പോകുന്നതിന്റെ ഫോട്ടോ സഹിതം ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. കുഞ്ഞുങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ആരുടെ പാപഭാരംതീര്‍ക്കാന്‍ എന്ന പരാമര്‍ശത്തോടെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറുകുന്നിലെ പി.പി ദിവ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഫോട്ടോ നല്‍കിയ ആള്‍ക്ക് കടപ്പാടും നല്‍കിയിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്കിടയാക്കി. പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുമായി രംഗത്തുവന്നത്. പോസ്റ്റിനെക്കാള്‍ പരിഹാസ ശരങ്ങളോടെയുള്ള കമന്റാണ് സന്ദര്‍ശകര്‍ ശ്രദ്ധിച്ചത്. ‘വീട്ടില്‍ കേറി ഓരോരുത്തരെ വെട്ടി കൊന്നു, പിഞ്ച് കുഞ്ഞുങ്ങളെ അനാധരാക്കുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ അത്രയും വരില്ല ചേച്ചി ഇത്.. ‘, ‘നിങ്ങളെയൊക്കെ പോലുള്ള ആളുകളാണ് ഇന്ന് നമ്മുടെ ഈ കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കുന്നത്,,,,,’ , ‘ആ കുഞ്ഞിന്റെ മുഖത്തുള്ള പുഞ്ചിരി അയ്യപ്പ സ്വാമിയെ കാണാനുള്ള ആവേശമല്ലേ, അവര്‍ക്കില്ലാത്ത വേദന മറ്റുള്ളവര്‍ക്കെന്തിനാ, വിശ്വാസികളായവര്‍ എന്ത് ത്യാഗവും സഹിച്ചു അവരുടെ വിശ്വാസങ്ങള്‍ നില നിര്‍ത്തും’…. തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനെ തുടര്‍ന്നുണ്ടായത്. കുട്ടികള്‍ റഡ് വളണ്ടിയര്‍മാരായ ഫോട്ടോകളും കമന്റിനൊപ്പമിട്ടിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം
എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസര്‍കോടു നിന്നും കാല്‍നടയായി അച്ഛനോടൊപ്പം രണ്ടു കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്‌നപാദരായി ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍. ആരു ചെയ്ത പാപഭാരം തീര്‍ക്കാനാണാവോ…

0Shares