കാസർകോട്ടെ സിനിമാ ആസ്വാദകർക്ക് നിരാശ നൽകുന്ന വിഷുക്കാലം

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട്ടെ സിനിമാ ആസ്വാദകർക്ക് നിരാശ നൽകുന്ന വിഷുക്കാലം

കാസർകോട്: സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലന്ന കാരണത്താൽ കാസർകോട്ടെ ബഹുനില തിയേറ്റർ സമുച്ചയത്തിന് സീൽ വെച്ച നടപടി വിവാദമാകുന്നു. വിഷു അവധി ആഘോഷിക്കുന്ന സമയം സിനിമാ ആസ്വാദകരെ നിരാശയിലാക്കിയാണ് നഗരസഭ തിരക്കിട്ട് കോടതി ഉത്തരവ് നടപ്പിലാക്കിയതെന്ന ആരോപണവും ഉയരുകയാണ്. നിരവധി കുടുംബ പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രം “ലൂസിഫർ”, ബിജു മേനോൻ, ആസിഫലി ചിത്രം “മേരാ നാം ഷാജി” എന്നിവ മികച്ച കളക്ഷൻ നേടി മുന്നേറുന്നതിനൊപ്പം മമ്മൂട്ടി ചിത്രം മധുര രാജയും പ്രദര്‍ശനത്തിന് എത്തുമ്പോഴാണ് നിയമ കുരുക്കിൽ പെട്ട തിയേറ്റർ സമുച്ചയത്തിന് പൂട്ട് വീണത്. കാർണിവൽ സിനിമാസിന്‍റെ നാല് തിയേറ്ററുകളുള്ള മെഹ്ബൂബ് കെട്ടിടമാണ് നിയമക്കുരുക്കിൽ പെട്ടത്.

കാസർകോട്ടെ തിയറ്റർ ലോബികൾ തമ്മിലുള്ള കുടിപ്പകയാണ് കോടതി ഉത്തരവിന് വഴിവെച്ചത് എന്നും പറയപ്പെടുന്നു. കാസർകോട് നഗരത്തിൽ വർഷങ്ങളായി സിനിമാ പ്രദർശിപ്പിച്ചുവരുന്ന മെഹ്ബൂബ് തിയറ്റർ സമുച്ചയം കാർണിവൽ സിനിമാസ് ഗ്രൂപ്പ് ഒരുവർഷം മുമ്പാണ് ഏറ്റടുക്കുന്നത്. ഇതിന് ശേഷം തിയേറ്റർ മോഡി പിടിപ്പിക്കുകയും ആധുനിക വത്കരിക്കുകയും ചെയ്തു. ഇതോടെ തിയേറ്ററിലേക്ക് എത്തുന്ന സിനിമാ ആസ്വാദകരുടെ എണ്ണവും കൂടി. സിനിമാ തിയേറ്ററിന് നഗരസഭയുടെ അനുമതി നൽകുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടത് അതാത് വകുപ്പ് ജീവനക്കാരാണ്.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞദിവസം നഗരസഭാ ഉദ്യോഗസ്ഥർ തിയേറ്റർ സമുച്ചയത്തിന് സീൽ വെച്ച് പൂട്ടിയത്. ഇതോടെ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നാല് തിയേറ്ററുകളും അടച്ചിടേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. വിഷു പ്രമാണിച്ച് സൂപ്പർ താര സിനിമകളടക്കം പ്രദർശിപ്പിച്ചിരുന്ന തിയേറ്റർ പെട്ടന്ന് അടച്ചിട്ട നിലയിൽ കണ്ടത് സിനിമാ പ്രേമികളെ നിരാശയിലാക്കി. കാസർകോട്ട് തന്നെ തൊട്ടടുത്തുള്ള തിയേറ്ററിൽ സൂപ്പർ താര സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ടങ്കിലും പലർക്കും ടിക്കറ്റ് കിട്ടാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

അധിക ഷോ നടത്തിയിട്ടും നിരവധിപേർ ടിക്കറ്റ് കിട്ടാതെ മടങ്ങിപോവുകയുമുണ്ടായി. കാസർക്കോട് നഗരത്തിൽ നിയമം ലംഘിച്ച നിരവധി കെട്ടിടങ്ങൾ ഉണ്ടന്നിരിക്കെ കാർണിവൽ സിനിമാസിനെ മാത്രം വേട്ടയാടുന്ന സമീപനം ചിലരുടെ ഭാഗത്തുനിന്നും തുടരുകയാണ്.

0Shares