ന്യൂല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവിന് തിരിച്ചടി. വിവിധ കേസുകളില്‍ പ്രത്യേകമായി വിചാരണനേരിടേണ്ടി വരുമെന്ന് സുപ്രീംകോടതി അറിയിച്ചിരിക്കുകയാണ്. 2014ല്‍ സി.ബി.ഐ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി കേസില്‍ ലാലു പ്രസാദിനെ ഗൂഡാലോചന കുറ്റത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി സജല്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും ഹൈക്കോടതി വിധി അനുകൂലമായി. 
എന്നാല്‍ ഇതിനു പിന്നിലുള്ള ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990-97 വരെയുള്ള കാലഘട്ടത്തില്‍ മൃഗസംരക്ഷണ വിഭാഗത്തിലേക്ക് കാലിത്തീറ്റ വാങ്ങിയതിലൂടെ ആയിരം കോടി വെട്ടിച്ചെന്ന കേസിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ തീരുമാനം. ഇതില്‍ 38 കോടി തട്ടിയെന്ന കേസില്‍ 2013 ഒക്ടോബറില്‍ ആഞ്ചുവര്‍ഷത്തേക്ക് യാദവ് ശിക്ഷിക്കപ്പെട്ടു. ഇതിനിടെ മറ്റുകേസുകളില്‍ വിചാരണാനടപടി തുടങ്ങിയതോടെയാണു ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയതും.