
സൗദി: കാറുകള്‍ ഓടിക്കാന്‍ ലൈസന്‍സ് അനുവദിച്ചതിനു പിന്നാലെ സൗദിയില്‍ വനിതകള്‍ക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെന്‍സ് നല്‍കാനും തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

കാറുകള്‍ കൂടാതെ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനു സൗദിയില്‍ വനിതകളെ അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിച്ചത്. ട്രക്കുകള്‍ ഓടിക്കാന്‍ നിലവില്‍ പുരുഷന്മാര്‍ക്ക് ബാധകമായ വ്യവസ്ഥകള്‍ മാത്രമേ സ്ത്രീകള്‍ക്കും ഉണ്ടാകുകയുള്ളൂ. പ്രൈവറ്റ് ലൈസെന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസെന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസെന്‍സ് അനുവദിക്കും.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസെന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസെന്‍സ് അനുവദിക്കും. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. അടുത്ത വര്‍ഷം ജുണ്‍ മുതലാണ് വനിതകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുക.
