
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷമായി അവധി പോലുമെടുക്കാതെ രാജ്യത്തെ മാറ്റത്തിനായി കഠിന പ്രയത്‌നം നടത്തുകയായിരുന്നുവെന്ന് ഒഡീഷയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞുവെന്നും എല്ലാം സാധ്യമായത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്നും മോഡി പറഞ്ഞു. രാജ്യത്ത്യ വന്ന എല്ലാ മാറ്റങ്ങളുടേയും ക്രെഡിറ്റ് ജനങ്ങള്‍ക്കാണെന്ന് പറയാനും പ്രധാനമന്ത്രി മടിച്ചില്ല.

ഒഡീഷയിലെ കളഹന്ദിയിലാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ മോഡി സംസാരിച്ചത്. ബി.ജെ.പിയായിരുന്നു ഒഡീഷയില്‍ ഭരണത്തിലെങ്കില്‍ വികസനം കൂടുതല്‍ വേഗത്തിലാകുമായിരുന്നെന്ന് പറഞ്ഞ മോഡി ഒഡീഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്ത് നിന്നും ഒന്നും ലഭിക്കാതിരുന്നിട്ടും താന്‍ തന്നാലാവും വിധം സംസ്ഥാനത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്‌തെന്നും മോഡി പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങളും ഭരണനേട്ടങ്ങളുമെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാനില്ലാത്തതിനാല്‍ അഞ്ച് വര്‍ഷം മുമ്പ് വോട്ടുപിടിച്ചത് പോലെ ഹിന്ദു വര്‍ഗീയ കാര്‍ഡിറക്കിയാണ് പ്രധാനമന്ത്രിയുടെ വോട്ടുപിടുത്തം. അഞ്ച് വര്‍ഷമായി അവധിയെടുത്തിട്ടില്ലെന്നും കുടുംബത്തെ പോലും ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കുകയാണെന്നുമെല്ലാം തുടങ്ങി വോട്ടര്‍മാരെ വൈകാരിക തലത്തില്‍ സ്വാധീനിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.
