കര്‍ണാടക രാഷ്ട്രീയം ഇനി എങ്ങോട്ട്?; 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കര്‍ണാടക രാഷ്ട്രീയം ഇനി എങ്ങോട്ട്?; 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

കര്‍ണാടകയില്‍ 14 വിമത എം.എല്‍.എമാരെ കൂടി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. 11 കോണ്‍ഗ്രസ് എം.എല്‍.എമാരെയും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരെയുമാണ് അയോഗ്യരാക്കിയത്. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് നേടാനിരിക്കെയാണ് സ്പീക്കറുടെ നടപടി. സ്പീക്കറെ പുറത്താക്കാന്‍ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സ്പീക്കര്‍ അയോഗ്യരാക്കല്‍ നടപടിയിലേയ്ക്ക് നീങ്ങിയത്.

17 എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെ.ഡി.എസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ മൂന്നു പേരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. ഈ മൂന്ന് പേരെ അയോഗ്യരാക്കിയാല്‍ മുംബൈയില്‍ കഴിയുന്ന എം.എല്‍.എമാരില്‍ കുറച്ചു പേരെങ്കിലും മടങ്ങിവരുമെന്നായിരുന്നു കോണ്‍ഗ്രസ്-ജെ.ഡി.എസ് പ്രതീക്ഷ. അങ്ങനെയായിരുന്നെങ്കില്‍ യെദിയൂരപ്പയ്ക്ക് നാളെ നടക്കുന്ന വിശ്വാസ വോട്ടില്‍ വിജയിക്കാനാകുമായിരുന്നില്ല.

എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് സ്പീക്കര്‍ മുഴുവന്‍ വിമത എം.എല്‍.എമാരെയും അയോഗ്യരാക്കുകയാണ് ചെയ്തത്. ഇതോടെ വിശ്വാസവോട്ടെടുപ്പില്‍ യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം നേടാനുള്ള സാധ്യതകള്‍ തുറന്നു കിട്ടി. അതേസമയം, കര്‍ണാടകയില്‍ ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് ജനതാദള്‍ എസ് അറിയിച്ചിരുന്നു.

ബി.ജെ.പി സര്‍ക്കാരിനെ ജെ.ഡി.എസ് പിന്തുണച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് നിലപാട് പ്രഖ്യാപിച്ച് എച്ച്.ഡി ദേവഗൗഡയും എച്ച്.ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നത്. ബി.ജെ.പിക്കൊപ്പം നില്‍ക്കുകയെന്നാല്‍ ജനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കലാണെന്ന് ജെ.ഡി.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

0Shares