
കര്‍ണാടകയില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഇതിനെല്ലാം പിന്നില്‍ ബി.ജെ.പിയും അവരുടെ ദേശീയ നേതൃത്വവുമാണ്. ഇവര്‍ക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്തതും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതമടക്കം ബി.ജെ.പിക്കാര്‍ ആണ്.

അമിത് ഷായ്ക്കും മോദിക്കും ഈ കളിയില്‍ നേരിട്ട് പങ്കുണ്ട്. പ്രധാനമന്ത്രി മികച്ച പ്രസംഗങ്ങള്‍ നടത്തുന്നു. നല്ല നല്ല കാര്യങ്ങള്‍ തന്‍റെ പ്രസംഗങ്ങളിലൂടെ പറയുന്നു. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.’- ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. അതേസമയം ബെംഗളൂരുവിലെ കെ.കെ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരുകയാണ്. ഈശ്വര്‍ ഖാന്‍ദ്രേ, കെ.സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, ദിനേഷ് ഗുണ്ടു റാവു, ജി. പരമേശ്വര തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
വിമത എം.എല്‍.എമാര്‍ തങ്ങുന്ന മുംബൈയിലെ റിനൈസന്‍സ് ഹോട്ടലിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ട്. മുംബൈയിലെ ഹോട്ടലിനു മുമ്പില്‍ നിന്നും തിരിച്ചുപോകാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് പൊവൈ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സെക്ഷന്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിലേറെ പേര്‍ ഒരുമിച്ച് കൂടുന്നതും വിലക്കിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകരാന്‍ സാധ്യതയുണ്ടെന്നുകണ്ടാണ് 144 പ്രഖ്യാപിച്ചതെന്നാണ് മുംബൈ പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ നോട്ടീസില്‍ പറഞ്ഞിരുന്നു.
