
തിരുവനന്തപുരം: കന്യാകുമാരിക്കും ശ്രീലങ്കയ്ക്കും ഇടയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം പതിനാല് വരെ മത്സ്യ ബന്ധനത്തിന് കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ അധികം വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം ഒപ്പം, ശക്തമായ തിരമാലകളും ഉണ്ടാകും.

തെക്കൻകേരളത്തിലും തമിഴ്നാട്ടിലും ഇന്നും നാളെയും മഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലയിൽ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്കും തീരദേശ പോലീസിനും നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനു മുന്നിട്ടിറങ്ങാൻ സജ്ജരായിരിക്കാൻ പോലീസിന് നിർദേശം നൽകി.
മൂന്നു മീറ്ററിലേറെ ഉയരത്തിലുള്ള തിരമാലകൾ കനത്ത നാശനഷ്ടങ്ങള്‍ ആകും സംസ്ഥാനത്തിന്റെ തീരദേശ മേഖലയില്‍ ഉണ്ടാക്കുക. ന്യൂനമർദം ശക്തമായശേഷം പടിഞ്ഞാറ്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നാണു പുതിയ നിഗമനം. അങ്ങനെ വന്നാൽ കേരളത്തിനും ലക്ഷദ്വീപിനും ഇടയിലൂടെ ന്യൂനമർദം കടന്നുപോകും. കേരളത്തിൽ നിന്നുള്ളവർ പതിവായി മൽസ്യബന്ധനം നടത്തുന്ന മേഖലയാണിത്. കേരള തീരത്തിനടുത്തു കടൽ പ്രക്ഷുബ്ധമായേക്കും. ലക്ഷദ്വീപിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
