കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍ എന്നിവര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് സി.പി.എമ്മിനെ തകര്‍ക്കുന്നതിന് സി.ബി.ഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനുള്ള സംഘപരിവാര്‍ ഗൂഡാലോചനയുടെ ഫലമാണ് ഈ കുറ്റപത്ര സമര്‍പ്പണമെന്ന് സി.പി.എം. യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് സി.ബി.ഐയെ അടക്കം ഉപയോഗപ്പെടുത്തി സി.പി.എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പീഢിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ മുന്‍കൈയ്യില്‍ ഇത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. പി ജയരാജന്‍, ടി.ഐ മധുസൂദനന്‍ എന്നിവരെ കതിരൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതുവരെയുണ്ടായ ഒരു അക്രമസംഭവത്തിലും യു.എ.പി.എ ഉള്‍പ്പെടുത്താതെ ഒരു സാധാരണ കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വമാണ്.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളെ ലക്ഷ്യം വച്ച് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഡനീക്കമാണ് സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനെരെയും സി.ബി.ഐയെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ എട്ടിന് വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും കേന്ദ്രീകരിച്ച പ്രതിഷേധ പ്രകടനവും ബഹുജനകൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.