തിരുവനന്തപുരം: സ്‌കൂളുകളില്‍ ഇനി ‘ഉച്ചക്കഞ്ഞി’ പദപ്രയോഗം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവ്. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ ‘ഉച്ചക്കഞ്ഞി’ രജിസ്റ്റര്‍ എന്ന് രേഖപ്പെടുത്തുകയും, പാചകപുരയ്ക്ക് ‘കഞ്ഞിപ്പുര’ എന്ന പദപ്രയോഗം നടത്തിവരുന്നതായും കാണുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസിനെയും അതിന്റെ അന്തസത്തയേയും അവഹേളിക്കുന്നുവെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. കഞ്ഞിയും പയറുമെന്ന സമ്പ്രദായം മാറ്റി ചോറും കറികളുമടങ്ങുന്ന ഉച്ചഭക്ഷണം നല്‍കി തുടങ്ങിയിട്ടും ഔദ്യോഗിക രേഖകളിലും മറ്റു പലയിടത്തും ‘ഉച്ചക്കഞ്ഞി’, ‘കഞ്ഞി’ എന്ന പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇത് പദ്ധതിയുടെ അന്തസ് കളയുന്നതാണെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ഒരു ബോധവത്കരണം പിടിഎ, സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, എസ്എംസി, മദര്‍ പിടിഎ എന്നിവയ്ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും അടിയന്തമായി സ്വീകരിക്കാനും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഞ്ഞിയും പയറുമെന്ന സമ്പ്രദായം മാറ്റി ചോറും കറികളുമടങ്ങുന്ന ഉച്ചഭക്ഷണം നല്‍കി തുടങ്ങിയിട്ടും ‘ഉച്ചക്കഞ്ഞി’ പ്രയോഗം തന്നെ; ആ പദം ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസിനെ അവഹേളിക്കുന്നുവെന്ന് അധികൃതര്‍