
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എം.ടി.എൻ.എൽ ജീവനക്കാർക്കും 2 മാസമായി ശമ്പളം മുടങ്ങി.
അതിനിടെ സംസ്ഥാനത്ത് ഓണം ബാങ്ക് അവധികള്‍ കൂടി അരംഭിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ ബി.എസ്.എൻ.എൽ ജീവനക്കാരുടെ പ്രതിസന്ധി ഇത്തവണ വർദ്ധിക്കുമെന്നാണ് സൂചനകൾ. ഒരു ലക്ഷത്തോളം വരുന്ന കരാർ തൊഴിലാളികൾക്കും ആറുമാസമായി വേതനം മുടങ്ങിയ അവസ്ഥയാണുള്ളത്. വേതനം ലഭിക്കാത്ത പശ്ചാത്തലത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാൻഒ ഒരുങ്ങുകയാണ് സംസ്ഥാനത്തെ ജീവനക്കാർ.

ഇതിന്‍റെ ഭാഗമായി കരാർ ജീവനക്കാർ പട്ടിണിസമരവും ഓണനാൾ മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കൃത്രിമപ്രതിസന്ധി മറയാക്കി ജീവനക്കാരുടെ ശമ്പളം നിഷേധിക്കുകയാണ് ബി.എസ്.എൻ.എൽ ചെയ്യുന്നതെന്നും ആരോപണമുണ്ട്. ജീവനക്കാർക്ക് ലഭിക്കേണ്ടതും പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപയുടെ അധികതുക കൈവശം വച്ചാണ് നടപടിയെന്നാണ് ആരോപണം.
റിലയൻസിന്‍റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ് പൊതുമേഖലാസ്ഥാപനത്തോടുള്ള ഈ നിലപാടെന്നും ജീവനക്കാർ ആരോപിക്കുന്നു. നിലവിൽ 20,000 കോടി രൂപയുടെ ബാധ്യതയാണ് ബി.എസ്.എൻ.എല്ലിനുള്ളത്. എന്നാൽ കമ്പനിയുടെ ആസ്ത ഫലപ്രഥമായി വിനിയോഗിച്ചാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
