ബംഗളൂരു: ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്ന് കുട്ടികള്‍ ട്രെയിന്‍ തട്ടി ദാരുണമായി മരിച്ചു. ബംഗളൂരു വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്കിനു സമീപം ബിഡാദിയില്‍ ചൊവ്വാഴ്ച രാവിലെ 9.30നും 10നും ഇടയിലാണ് സംഭവം. ട്രെയിന്‍ അടുത്തെത്തുന്നതിനിടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ട്രെയിന്‍ അടുത്തെത്തിയിട്ടും ട്രാക്കില്‍നിന്ന് മാറാതിരുന്ന കുട്ടികള്‍ക്കുമേലെകൂടി ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച കുട്ടികളെക്കുറിച്ചുള്ള വിവരം കിട്ടിയിട്ടില്ല.
ബംഗളൂരു നഗരത്തിലെ ഒരു കോളജിലെ വിദ്യാര്‍ഥികളായിരിക്കാമെന്നാണ് പോലിസ് പറയുന്നത്. അപകടത്തില്‍ പെട്ടവര്‍ ഒരുബൈക്കിലാണ് ട്രാക്കിന് സമീപത്തെത്തിയത്. ബിഡാഡി പോലിസും ഗതാഗത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് സംഭവം വിലയിരുത്തി. കഴിഞ്ഞ ആഴ്ചയായിരുന്നു ബംഗളൂരുവിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഒപ്പമുള്ള വിദ്യാര്‍ഥി മുങ്ങിമരിച്ചത്. 17 വയസ്സുള്ള വിശ്വാസ് എന്ന വിദ്യാര്‍ഥിയാണ് നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൂട്ടത്തിലൊരാള്‍ മുങ്ങിത്താഴുന്നത് മറ്റു വിദ്യാര്‍ഥികള്‍ അറിഞ്ഞിരുന്നില്ല.
ഓടുന്ന തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു; മൂന്നുകുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു