
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും നല്‍കി ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്കു ആകില്ല. പക്ഷേ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും രാഹുല്‍ പൂന്തുറയില്‍ പറഞ്ഞു. ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ചാണ് രാഹുല്‍ പൂന്തുറയില്‍ കാലുകുത്തിയത്. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി എത്തിയ രാഹുല്‍, ഓഖി ദുരന്തം വിതച്ച കന്യാകുമാരിയിലെ തീരപ്രദേശങ്ങളും സന്ദര്‍ശിക്കും.

ദുരന്തങ്ങളില്‍നിന്നു സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. 3.40-ന് തൈക്കാട് പോലീസ് മൈതാനത്ത് നടക്കുന്ന ബേബി ജോണ്‍ ജന്മശതാബ്ദി സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. വൈകീട്ട് 5.30-ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കം സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായും പങ്കെടുക്കും. രാത്രി എട്ടിന് ഡല്‍ഹിക്ക് മടങ്ങും.
