‘ഒബാമകെയര്‍’ റദ്ദാക്കില്ല-ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing ‘ഒബാമകെയര്‍’ റദ്ദാക്കില്ല-ട്രംപ്.

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ബറാക് ഒബാമ നടപ്പിലാക്കിയ ആരോഗ്യസംരക്ഷണ ബില്ലിലെ സുപ്രധാനഭാഗങ്ങള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ താന്‍ യുക്തമായ തീരുമാനം കൈകൊള്ളുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ‘ഒബാമകെയര്‍’ റദ്ദാക്കുമെന്നായിരുന്നു ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ 2കോടിയില്‍പരം പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രത്യേക പദ്ധതിയാണ് ബരാക് ഒബാമ ആവിഷ്‌കരിച്ച ആരോഗ്യസംരക്ഷണ ബില്ലിലെ ‘ഒബാമകെയര്‍’.

trump

ഇക്കാര്യത്തില്‍ പുനരാലോചന നടത്താന്‍ താന്‍ ഒരുക്കമാണെന്നും ട്രംപ് വെളിപ്പെടുത്തി. ജനങ്ങള്‍ക്ക് ഉപകാര പ്രദമാകും വിധത്തില്‍ ആവശ്യമായ ഭേദഗതികളോടെ പ്രസ്തുത ആരോഗ്യസംരക്ഷണ ബില്‍ യാഥാര്‍ഥ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കവറേജ് നിഷേധിക്കുന്ന കമ്പനികളെ നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ബില്ലില്‍ നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. മാതാപിതാക്കളുടെ പോളിസിയില്‍ കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനെയും താന്‍ പിന്തുണയ്ക്കുന്നുവെന്ന് ട്രംപ് ‘വാള്‍സ്ട്രീറ്റ് ജേണലി’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ വൈറ്റ് ഹൗസിലെത്തിയ ട്രംപ് പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് നിലപാട് പുനഃപരിശോധിക്കാന്‍ അദ്ദേഹം തയ്യാറായത്. ആരോഗ്യം, തൊഴില്‍, അതിര്‍ത്തി നിയന്ത്രണം, നികുതി പരിഷ്‌കാരം തുടങ്ങിയ മേഖലകളില്‍ തന്റെ ഗവണ്‍മെന്റ് പ്രത്യേക ശ്രദ്ധപതിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares