
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്.ബി.ഐ അതിന്‍റെ എ.ടി.എം സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ പരിഷ്‌കരിച്ച നിരക്കുകള്‍ നിലവില്‍വരും. എല്ലാ നിരക്കുകള്‍ക്കുമൊപ്പം ജി.എസ്.ടി ബാധകമാണ്. പ്രതിമാസം എട്ടു മുതല്‍ പത്തുതവണവരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ എ.ടി.എം ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. അതില്‍കൂടുതലുള്ള ഇടപാടുകള്‍ക്കാണ് പ്രത്യേക നിരക്കുകള്‍ ഈടാക്കുക.
അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാതെ എ.ടി.എംവഴി പണം ലഭിക്കാതിരുന്നാലും ഇനിമുതല്‍ ചാര്‍ജ് ഈടാക്കും. കാര്‍ഡ് ഉപയോഗിക്കാതെയുള്ള പണം പിന്‍വലിക്കലിനും നിരക്ക് ബാധകമാണെന്ന് ബാങ്കിന്‍റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരക്കുകള്‍ ഇങ്ങിനെ:
സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എട്ട് തവണവരെയാണ് എ.ടി.എം ഉപയോഗത്തിന് സൗജന്യമുള്ളത്. ഇതില്‍ അഞ്ചെണ്ണം എസ്.ബി.ഐയുടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുമാണ്.
മെട്രോ നഗരങ്ങളല്ലാത്തയിടങ്ങളില്‍ 10വരെ ഇടപാട് സൗജന്യമാണ്. എസ്.ബി.ഐയുടെ അഞ്ചും മറ്റ് ബാങ്കുകളുടെ അഞ്ചും ഇടപാടുകള്‍ക്കാണ് സൗജന്യമുള്ളത്.
സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് രൂപമുതല്‍ 20 രൂപവരെയാണ് ഈടാക്കുക.
അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ഇടപാട് നടത്തിയാല്‍ 20 രൂപ നല്‍കേണ്ടിവരും.
കാര്‍ഡില്ലാതെ എ.ടി.എം ഉപയോഗിച്ചാല്‍ 22 രൂപയാണ് ഈടാക്കുക.
ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി എസ്.ബി.ഐയുടെയും മറ്റ് ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ ഉപയോഗിക്കാം.
അക്കൗണ്ടില്‍ ശരാശരി 25,000 രൂപയുടെ മുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എ.ടി.എം ഉപയോഗം സൗജന്യമാണ്. മുന്‍മാസത്തെ ബാലന്‍സാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്.
