എന്റെ കൈയില്‍ പണമില്ല, ഒരു അഭിഭാഷകനെ കണ്ടെത്താന്‍ സഹായം നല്‍കണം’; കോടീശ്വരന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇപ്പോള്‍ യാചിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing എന്റെ കൈയില്‍ പണമില്ല, ഒരു അഭിഭാഷകനെ കണ്ടെത്താന്‍ സഹായം നല്‍കണം’; കോടീശ്വരന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇപ്പോള്‍ യാചിക്കുന്നു

അംബാല: ”എന്റെ കൈയില്‍ പണമില്ല. കേസ് ഉടന്‍ കോടതി പരിഗണിക്കും. അതിനാല്‍ സമയവുമില്ല. ഒരു അഭിഭാഷകനെ കണ്ടെത്താന്‍ സഹായം നല്‍കണം” ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാന്റെ അഭ്യര്‍ഥനയാണിത്. കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകനെത്തേടിയാണ് അവര്‍ അംബാല സെന്‍ട്രല്‍ ജയില്‍ അഡ്മിനിസ്ട്രേഷനു കത്തെഴുതിയത്. ബലാല്‍സംഗ കേസില്‍ ഗുര്‍മീതിനെ പിടികൂടിയതിന് പിന്നാലെയുണ്ടായ കലാപമാണു ഹണിപ്രീതിനെ ജയിലിലെത്തിച്ചത്. തുടര്‍ന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടിരുന്നു. ഇതോടെയാണ് അഭിഭാഷകനുപോലും നല്‍കാന്‍ പണമില്ലാത്ത അവസ്ഥയുണ്ടായതെന്നാണു ഹണിപ്രീത് പറയുന്നു. ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് അവര്‍ തടവിലുള്ളത്. അഭിഭാഷകനെ നിയോഗിക്കാന്‍ സ്വന്തം നിലയ്ക്കു സാധിക്കില്ലെന്നു കത്തില്‍ പറയുന്നു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘം ഹണി പ്രീതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ നടപടി ഡിസംബര്‍ ഏഴിന് തുടങ്ങും. അന്വേഷണ സംഘം തന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ പണം പിന്‍വലിക്കാനാവുന്നില്ല. കലാപം ആസൂത്രണം ചെയ്യാന്‍ 1.5 കോടി രൂപ ഹണിപ്രീത് ചെലവിട്ടെന്നാണു പോലീസ് കണ്ടെത്തിയത്. കേസില്‍ ഇനിയും 20 പ്രതികളെ പിടികൂടാനുണ്ട്. ജയിലിലാകുന്നതിനു മുമ്പ് ഗുര്‍മീതിന്റെ വിശ്വസ്തയെന്ന നിലയില്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്തത് ഹണിപ്രീതായിരുന്നു.വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. ഇതിനായി വ്യാപക അക്രമങ്ങളാണ് ഹണിപ്രീത് ആസുത്രണം ചെയ്തത്. കലാപത്തില്‍ 30 ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല് സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലായി നടന്ന കലാപങ്ങളില്‍ 32 പേര്‍ കൊല്ലപ്പെട്ടെന്നും 250 ലെറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.

0Shares