
തമിഴ്‌നാട്ടിലെ രണ്ട് മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയെത്തുടര്‍ന്ന് 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം റദ്ദാക്കി. ചെന്നൈയ്ക്ക് സമീപം തണ്ടലത്തിലുള്ള മാധാ മെഡിക്കല്‍ കോളേജിലും കാഞ്ചീപുരം ജില്ലയിലെ മേല്‍മറവത്തൂരിലുള്ള ആദിപരാശക്തി കോളേജിലുമാണ് ഓഗസ്റ്റില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയത്.
മാധാ മെഡിക്കല്‍ കോളേജിലെ 41 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാല റദ്ദാക്കിയത്. ഈ കോളേജില്‍ അടുത്ത മൂന്നുവര്‍ഷവും ആദിപരാശക്തി കോളേജില്‍ രണ്ടുവര്‍ഷവും പൊതുപരീക്ഷ നടത്തുന്നത് സര്‍വകലാശാല തടഞ്ഞു.അജ്ഞാത സന്ദേശത്തെത്തുടര്‍ന്നാണ് സര്‍വകലാശാലാ അധികൃതര്‍ ഇരു കോളജുകളിലും അന്വേഷണം നടത്തിയത്. പരീക്ഷ നടത്തുന്നത് വീഡിയോയില്‍ ചിത്രീകരിക്കണമെന്നത് നിര്‍ബന്ധമാക്കിയിരുന്നു.

ഇപ്രകാരം ചിത്രീകരിച്ച വീഡിയോ പരിശോധിച്ചപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. മാധാ കോളജില്‍ വിദ്യാര്‍ത്ഥികള്‍ തുണ്ടുകടലാസുകളും പുസ്തകങ്ങളുംവെച്ച് പരീക്ഷ എഴുതുന്നത് വീഡിയോയില്‍ വ്യക്തമായി. ചില വിദ്യാര്‍ത്ഥികള്‍ ചോദ്യക്കടലാസ് ലഭിച്ച ഉടനെ പരീക്ഷ ഹാളിന്‍റെ പുറത്തേക്ക് പോകുന്നതും അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവരുന്നതും വീഡിയോയിലുണ്ടായിരുന്നു.
രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ 25 പേരും ഒരു മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ 15 പേരും കോപ്പിയടിച്ചതായി കണ്ടെത്തി. ഇവരുടെ പരീക്ഷാഫലം റദ്ദാക്കുകയായിരുന്നു. കോളേജില്‍ മൂന്നുവര്‍ഷത്തേക്ക് പൊതുപരീക്ഷ നടത്തുന്നത് തടയുകയുംചെയ്തു. നിരീക്ഷണത്തിനായി എത്തിയ അധ്യാപകര്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഈ കോളജില്‍ അടുത്ത രണ്ടുവര്‍ഷം പരീക്ഷ നടത്തുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
