എം.എം മണിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് പിണറായി വിജയന്‍; പഴി മുഴവന്‍ മാധ്യമങ്ങള്‍ക്ക്‌.

  • Post category:news
  • Reading time:1 min read
You are currently viewing എം.എം മണിയെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് പിണറായി വിജയന്‍; പഴി മുഴവന്‍ മാധ്യമങ്ങള്‍ക്ക്‌.

തിരുവനന്തപുരം: മന്ത്രി മണിയുടെ സംസാരം നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ വളച്ചൊടിച്ച് ആയുധമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്നും മാധ്യമങ്ങളും അതിനെ വളച്ചൊടിച്ചു എന്നും എം.എം മണിയുടെ വാക്കുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.എം. മണിയുടെ സ്ത്രീത്വത്തിനെതിരായ പരാമര്‍ശവും മൂന്നാറിലെ ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് പോലീസ് അറിയാതെയാണെന്നും അര്‍ധരാത്രി 144 പ്രഖ്യാപിച്ച സബ് കളക്ടറുടെ നടപടി ശരിയായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്ത്രീത്വത്തെയും മകന്‍ നഷ്ടപ്പെട്ട അമ്മയെയും കൃത്യനിര്‍വ്വഹണം നടത്തുന്ന സബ് കളക്ടറെയും അപമാനിച്ച എം.എം മണിക്ക്‌ മന്ത്രി സ്ഥാനത്തിരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാനറിയില്ലെന്നും സാധാരണക്കാരന്റെ ഭാഷയേ അറിയുകയുള്ളൂവെന്നും തന്റെ പരാമര്‍ശത്തിന് മന്ത്രി എം.എം മണി വിശദീകരണം നല്‍കി. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. കൈയേറ്റക്കാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും ഈ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതിനെയാണ് താന്‍ വിമര്‍ശിച്ചത്. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി പറഞ്ഞു. തന്റെ പ്രസംഗം ദൃശ്യമാധ്യമങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ച് തന്നെ ആക്ഷേപിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

0Shares