തിരുവനന്തപുരം: സോളര്‍ കേസില്‍ വൈകിയെങ്കിലും നീതി കിട്ടിയെന്ന് സരിത എസ്. നായര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുളള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ല. ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനം തോന്നുന്നു. പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സരിത പറഞ്ഞു. നടപടി പ്രഖ്യാപിച്ചത് ആദ്യ പടി മാത്രമാണ്. കമ്മീഷന്റെ കണ്ടെത്തലുകളില്‍ ഇനി അന്വേഷണം വേണം. കത്തില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ നല്കാന് കഴിയുമെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രി വളരെ വ്യത്യസ്തമായി ഇക്കാര്യങ്ങള്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിച്ചു. സത്യം തെളിഞ്ഞതില്‍ സന്തോഷം. അന്വേഷണത്തോട് സഹകരിക്കുമെന്നും സരിത പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു.
ശരിക്കും സന്തോഷമുണ്ട്. മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവി തന്റെ വിഷയമല്ല; വൈകിയെങ്കിലും നീതി കിട്ടി; തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് സരിത