തിരുവനന്തപുരം: സോളാര്‍ കേസ് വഴിത്തിരിവിലേക്ക്. സംസ്ഥാനത്തെ ഞെട്ടിച്ച റിപോര്‍ട്ടുമായി മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളത്തിന് ശേഷം കേസുമായി മുന്നോട്ടു പോകാന്‍ പോലിസ് തയ്യാറെടുക്കുന്നു. ജൂഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡി.എഫ് നേതാക്കള്‍ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് അന്വേഷിച്ച ജസ്റ്റീസ് ജി.ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പോലീസിനെ ഉപയോഗിച്ച് ശ്രമിച്ചുവെന്ന കമ്മീഷന് കണ്ടെത്തലിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവഞ്ചൂര്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്നു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ തന്പാനൂര് രവി, മുന്‍ എംഎല്‍എ ബെന്നി ബെഹനാന് എന്നിവര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്കി. ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും സരിത നായരില്‍ നിന്നു നേരിട്ടു പണം കൈപ്പറ്റിയതായാണ് കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമം എഴ്, എട്ട്, ഒന്‍പത്, പതിമൂന്ന് വകുപ്പുകള്‍ പ്രകാരം ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ അറിയിച്ചു. 2013 ജൂലൈ 19 ലെ സരിതയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ സരിതയുമായും അവരുടെ അഭിഭാഷകനുമായും ഫോണില്‍ ബന്ധപ്പെട്ടതായി തെളിവുകളുണ്ടെന്ന നിഗമനം കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാനഭംഗത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയായി കണക്കാക്കി അഴിമതി നിരോധന നിയമം അനുസരിച്ചും കേസെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് സരിത കത്തെഴുതിയത്.പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് കത്തിലെ പരാമര്‍ശം.
ജനങ്ങളെ കബളിപ്പിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നും ഉമ്മന്‍ ചാണ്ടിയും പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും തട്ടിപ്പിന് സഹായം നല്‍കിയെന്ന ഗുരുതര കുറ്റവുമാണ് കമ്മീഷന് കണ്ടെത്തിയത്. സോളാര്‍ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരേയും ഗുരുതര കുറ്റങ്ങളാണ് കമ്മീഷന് ചുമത്തിയിരിക്കുന്നത്. മുന്‍ മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാല്‍, ജോസ് കെ. മാണി, ഹൈബി ഈഡന് എംഎല്‍എ, എ. പി. അബ്ദുല്ലക്കുട്ടി എംഎല്‍എ, ബഷീറലി തങ്ങള്‍, കെ.പി.സി.സി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്, എഡിജിപി കെ. പത്മകുമാര്‍ തുടങ്ങിയവരുടെ പേരുകളും കത്തിലുണ്ടെന്നാണു അന്ന് പുറത്തുവന്ന വെളിപ്പെടുത്തല്‍. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെയും കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന് പരിശോധിക്കുകയും ചെയ്തു.