മംഗളൂരു: ഉഡുപ്പി ഹെജ്മഡെ അമസീക്കരെ കടപ്പുറത്തിന് ഇന്നലെ മറക്കാനാവാത്ത ഒരു സംഭവം നടന്നു. കടല്‍തിരയ്‌ക്കൊപ്പം നെത്തോലി മീന്‍ തീരത്തേക്ക് വന്നടിയുന്ന അസാധാരണ ചാകര കാഴ്ച്ചയായിരുന്നു അത്. മീനുകള്‍ കൂമ്പാരമായി കടപ്പുറത്തേക്ക് കയറിയപ്പോള്‍ പ്രദേശവാസികള്‍ ചാക്കിലും കവറിലുമായി ശേഖരിച്ചു. ജീവനുള്ള മീനുകളായിരുന്നു അവ. കരപ്രദേശത്തോട് ചേര്‍ന്ന കടലില്‍ വലവീശിയ മീന്‍പിടിത്തക്കാര്‍ മീന്‍നിറഞ്ഞ വല വള്ളത്തിലേക്ക് കയറ്റാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതുവരെ കടല്‍ത്തീരം കാണാത്ത ചാകരയാണ് ഇത്തവണയുണ്ടായതെന്ന് പ്രദേശവാസികളും പറയുന്നു. കടല്‍ത്തീരത്ത് പ്രഭാതസവാരിക്കിറങ്ങിയ ആളുകളാണ് ആദ്യം ഈ ചാകരയെ കണ്ടത്.
https://www.youtube.com/watch?v=G2wF8xLx3dg&feature=youtu.be
കണ്ടവര്‍ നടത്തം നിര്‍ത്തി കിട്ടിയ കവറുകളില്‍ മീന്‍ പെറുക്കിയിടാന്‍ തുടങ്ങി. ചാകരയറിഞ്ഞ് ദൂരെനിന്നും ആളുകള്‍ വലിയ ചാക്കുകളുമായി വന്ന് മീന്‍ ശേഖരിക്കാന്‍ തുടങ്ങി. വൈകീട്ടായപ്പോഴേക്കും കടല്‍ത്തീരം മീന്‍കൂനകളാല്‍ നിറഞ്ഞു. ലോറികളിലൊക്കെ ആളുകളെത്തി മീന്‍ കയറ്റിക്കൊണ്ടുപായി. കാലാവസ്ഥാവ്യതിയാനത്താല്‍ തീരദേശത്തെ കടലില്‍ മീനുകള്‍ക്ക് ഭക്ഷ്യയോഗ്യമായ ചെളി അടിഞ്ഞതിനാലാണ് ഇങ്ങനെ ചാകര വന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.