ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; വ്യവസായ വകുപ്പ് മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും

  • Post category:news
  • Reading time:1 min read
You are currently viewing ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; വ്യവസായ വകുപ്പ് മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം പോയ ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. ജയരാജനെ മന്ത്രിയാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. വ്യവസായ വകുപ്പ് നല്‍കും. എ.സി.മൊയ്തീന് തദ്ദേശ സ്വയംഭരണം വകുപ്പ് നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും തീരുമാനമായി. ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സി.പി.ഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സി.പി.ഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തുകയും ചെയ്തു. സി.പി.ഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.
2016 ഒക്ടോബര്‍ 14നാണ് ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത്.

ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ജയരാജന്റെ രാജി. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം.

0Shares