
കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ ഉടുവള്ളി സ്വദേശി കെ.എം സുരേഷ് (27), പെരിയ ഏച്ചിലടുക്കത്തെ ഓട്ടോ ഡ്രൈവര്‍ കെ.അനില്‍കുമാര്‍(33), കുണ്ടംകുഴി മലാംകാട്ടെ പിക്കപ്പ് ലോറി ക്ലീനറായ എ.അശ്വിന്‍ എന്ന അപ്പു (18), കല്യോട്ട് പ്ലാക്കാത്തൊട്ടിയിലെ ജീപ്പ് ഡ്രൈവര്‍ ശ്രീരാഗ് എന്ന കുട്ടു (22), പെരിയ കാഞ്ഞിരടുക്കം സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ജി.ഗിജിന്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പീതാംബരനും സജി ജോർജിനും പുറമെയാണ് ഈ അഞ്ചുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
അതെ സമയം കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ യൂ.ഡി.എഫ് ഉന്നയിക്കുന്ന ആരോപണത്തിന് പിന്നാലെ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല നൽകികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.ജി ശ്രീജിത്തിനാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. എന്നാൽ കേസ് സി.ബി.ഐ ക്ക് വിടണമെന്നാണ് യൂ.ഡി.എഫിൻ്റെ ആവശ്യം. നാടിനെ നടുക്കിക്കൊണ്ടുള്ള കൊലപാതകം കഴിഞ്ഞ ഞായറാഴ്‍ച്ച സന്ധ്യക്കാണ് കാസർകോട്ടെ പെരിയകടുത്തുള്ള കല്ല്യോട്ട് നടന്നത്. സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്.
