പൂനെ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് പൂനെ എം.സി.എ സ്റ്റേഡിയത്തില്‍ തുടക്കം. ബംഗളൂരു, റാഞ്ചി, ധര്‍മശാല എന്നിവിടങ്ങളിലാണു പിന്നീടുള്ള ടെസ്റ്റുകള്‍ നടക്കുക. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഒന്നാം റാങ്ക് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഇരു ടീമുകളും. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് സ്റ്റീവ് സ്മിത്ത് അവസാന ഇലവനെ പ്രഖ്യാപിച്ചത്. മുരളി വിജയും ലോകേഷ് രാഹുലുമാണ് ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടം നേടി.

നിലവില്‍ ടെസ്റ്റ് കളിച്ച എല്ലാ ടീമുകളില്‍ നിന്നും വമ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ഓസിസിനെതിരായ പരമ്പര വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊഹ്ലിയുടെ കീഴില്‍ തുടര്‍ച്ചയായി ആറ് ടെസ്റ്റ് പരമ്പരകളില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എല്ലാ നേട്ടങ്ങള്‍ക്കും മകുടം ചാര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്കു വിട്ടുനല്‍കേണ്ടിവന്ന ആധുനിക ക്രിക്കറ്റിലെ ചെങ്കോലും കിരീടവും തിരിച്ചുവാങ്ങാനാണു സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീമിന്റെ വരവ്.