
ദുബൈ: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒന്നര ലക്ഷം ദിര്‍ഹം വിലയുള്ള കേക്ക് ഒരുങ്ങി. ദുബൈയിലെ ഒരു ബേക്കറിയില്‍ എത്തിയ ഉപഭോക്താവാണ് സ്വര്‍ണ മധുരമുള്ള ഈ കൂറ്റന്‍ കേക്കിന് ഓര്‍ഡര്‍ നല്‍കിയത്. ഇതിന്റെ വില കേട്ട്് ഞെട്ടെരുത്. 26 ലക്ഷം ഇന്ത്യന്‍ രൂപക്കു മുകളില്‍ വരും വില. സ്ത്രീ ശാക്തീകരണത്തിന്റെ കഥ പറയുന്ന ആമിര്‍ഖാന്‍ ചിത്രമായ ദംഗലിന്റെ ആശയമാണ് കേക്കില്‍ പ്രമേയമാക്കിയത്. മക്കളായ ഗീതയും ബബിതയും ഗുസ്തി പരിശീലിക്കുന്നത് നോക്കി നില്‍ക്കുന്ന ആമിര്‍ കഥാപാത്രം മഹാവീര്‍ സിംഗ് പോഗട്ടിനെയും ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. നാലടി വലിപ്പമുള്ള കേക്ക് 25 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 1200 തൊഴിലാളികള്‍ നിര്‍മാണത്തില്‍ പങ്കാളികളായി. ഗീത 2010 ലെ കോമണ്‍വെല്‍ത്ത് കായികമേളയില്‍ നേടിയ സ്വര്‍ണ മെഡലിന്റെ മാതൃക കേക്കില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ 75 ഗ്രാം സ്വര്‍ണവും വാരി വിതറിയിട്ടുണ്ട്. യാതൊരു പിശുക്കും പാടില്ലെന്നായിരുന്നു കസ്റ്റമറുടെ നിര്‍ദേശം. അതുകൊണ്ട് ഭക്ഷ്യയോഗ്യമായ സ്വര്‍ണം പൊതിഞ്ഞാണ് രണ്ട് മെഡലുകള്‍ നിര്‍മിച്ചത്. സിനിമയില്‍ കാണുന്ന മണ്‍ നിലവും പുല്‍ക്കൂടുമെല്ലാം അതേപടി തയ്യാറാക്കിയിട്ടുണ്ട്. 54 കിലോ ഭാരം വരുന്ന കേക്ക് 240 പേര്‍ക്ക് ഉപയോഗിക്കാം. പുതുമ നിലനിര്‍ത്താനായി കേക്കിലെ 30 കിലോ തൂക്കമുള്ള സ്‌പോഞ്ച് ഭാഗം മുറിക്കുന്നതിന് തൊട്ടു മുന്‍പ് മാത്രമേ തയ്യാറാക്കൂ.
നിര്‍മാണത്തിനു മുന്‍പ് ആശയം മനസിലെത്തിക്കാനായി ജീവനക്കാരോട് ദംഗല്‍ സിനിമ കാണുവാന്‍ നിര്‍ദേശിച്ചതായി കേക്ക് തയ്യാറാക്കിയ ബ്രോഡ്‌വേ ബേക്കറി അധികൃതര്‍ പറഞ്ഞു. ഹിന്ദി അറിയാത്തവര്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെയാണ് ചിത്രം കണ്ടത്. ആമിറിന്റെ ശരീരഭാഷയും ശീലങ്ങളുമെല്ലാം നിരീക്ഷിച്ചും വായിച്ചു മനസിലാക്കിയുമാണ് രൂപം തയ്യാറാക്കിയതെന്ന് മുഖ്യ ഷെഫ് ഡൊമനിക് ജോസഫ് സാമുവല്‍ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പോലെ കേക്കും ഏറെ വിലപ്പെട്ട ഒന്നായി മാറുമെന്നാണ് അണിയറയ്ക്ക് പിന്നിലുള്ളവര്‍ പറയുന്നത്.
